ബ്രസീലിയൻ പ്രസിഡൻ്റ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: ബ്രസീലിയൻ പ്രസിഡൻ്റ് ലുല ഡ സിൽവ ഇന്ന് (ഫെബ്രുവരി 18) ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യയിലേയ്ക്ക് എത്തുന്നതെന്നും ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തേക്കുമെന്നും വിവിധ വൃത്തങ്ങൾ പറഞ്ഞു. ലുല ഡ സിൽവ ഉൾപ്പെടെ 14 ബ്രസീലിയൻ മന്ത്രിമാരും മറ്റ് വ്യവസായ പ്രതിനിധികളും ഇന്ത്യ സന്ദർശിക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി വിരുന്ന് ഒരുക്കുമെന്നും വിവിധ റിപ്പോർട്ടുകൾ.അമേരിക്കയുമായുള്ള നിലവിലെ അസ്വാരസ്യങ്ങൾക്കിടെയാണ് ബ്രസീലിയൻ പ്രസിഡൻ്റിൻ്റെ ഇന്ത്യൻ സന്ദർശനം. സന്ദർശനത്തിൽ ഇന്ത്യ -ബ്രസീൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നും നയതന്ത്ര വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇപ്പോൾ ഇന്ത്യയിലേക്ക് പുറപ്പെടുകയാണെന്നും വരും ദിവസങ്ങളിൽ, നിർമിത ബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ബ്രസീലിയൻ പ്രസിഡൻ്റ് ലുല ഡ സിൽവ പറഞ്ഞു. ബ്രസീലും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും കൂട്ടിച്ചേർത്തു.
"ഇന്ത്യയിലും ദക്ഷിണ കൊറിയയിലും ബ്രസീലിൻ്റെ വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ബ്രസീലിയൻ വ്യവസായികളുടെ പ്രതിനിധി സംഘം എന്നോടൊപ്പം ഉണ്ടാകും. 2025ൽ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 15 ദശ ലക്ഷം അമേരിക്കൻ ഡോളറിലധികം എത്തിയിരുന്നു. ദക്ഷിണ കൊറിയയുമായുള്ള വ്യാപാരത്തിൽ 10.8 ദശ ലക്ഷം അമേരിക്കൻ ഡോളറായിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരത്തിനും സാധ്യത കാണുന്നു" ലുല ഡ സിൽവ എക്‌സിൽ കുറിച്ചു.