കർണാടകയിലെ ബുൾഡോസർ രാജ്: പ്രതിഷേധമറിയിച്ച്‌ സമസ്‌ത

കർണാടകയിലെ ബുൾഡോസർ രാജ്: പ്രതിഷേധമറിയിച്ച്‌ സമസ്‌ത

കാസർകോട്: കർണാടകയിലെ ബെംഗളൂരുവിൽ വികസനത്തിൻ്റെ പേരിൽ നിർധനരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. യെലഹങ്കയ്ക്ക് സമീപമുള്ള കോളനികളിലെ ഇരുനൂറോളം വീടുകൾ തകർത്ത നടപടി ആശങ്കാജനകവും മനസ്സാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

വികസന കാഴ്ചപ്പാടുകൾക്ക് സമസ്ത ഒരിക്കലും എതിരല്ലെന്ന് വ്യക്തമാക്കിയ തങ്ങൾ, എന്നാൽ വികസനത്തിൻ്റെ പേരിൽ പാവപ്പെട്ടവരുടെ വീടുകൾ ഇല്ലാതാക്കുന്നതിനോട് സമരസപ്പെടാനാവില്ലെന്ന് ഓർമിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിംകളും ദളിതരും താമസിക്കുന്ന മേഖലയിൽ മതിയായ പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിച്ചത് മനുഷ്യത്വത്തിന് ചേർന്നതല്ല. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താമസിക്കാൻ ഉടൻ സൗകര്യമൊരുക്കണം. അവർക്കായി കൃത്യമായ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ കർണാടക സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സ്ഥലം സർക്കാർ ഭൂമിയാണെങ്കിൽ പോലും അവിടെ താമസിക്കുന്ന ജനങ്ങളുടെ അവസ്ഥ പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കി. "സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ മുസ്ലിം ലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് മുന്നണി വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. എൽഡിഎഫിലെ അസംതൃപ്തർ യുഡിഎഫിലേക്ക് വരുമെന്നാണ് കരുതുന്നത്. സീറ്റുകൾ വെച്ചുമാറുന്നതിനെക്കുറിച്ച് നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ല" എന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് സമാപനം

സമസ്തയുടെ ഒരു നൂറ്റാണ്ട് ചരിത്രം അടയാളപ്പെടുത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്ര ഞായറാഴ്ച കര്‍ണാടകയിലെ മംഗളൂരുവില്‍ സമാപിക്കും. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള സമസ്ത ശതാബ്ദി സന്ദേശ യാത്ര 18 കേന്ദ്രങ്ങളില്‍ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് വൈകുന്നേരം 7ന് മംഗളൂരുവില്‍ സമാപിക്കുന്നത്. കഴിഞ്ഞ 18ന് സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരില്‍ നിന്ന് സമസ്തയുടെ പതാക ജാഥാ നായകന്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഏറ്റുവാങ്ങി. 19ന് തമഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നാണ് സന്ദേശ യാത്ര ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, തമഴ്‌നാട്ടിലെ നീലഗിരി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കര്‍ണാടകയിലെ മംഗളൂരു ജില്ലകളിലായി 18 കേന്ദ്രങ്ങളിലായി വൻ സ്വീകരണമാണ് സന്ദേശ യാത്രക്ക് ലഭിച്ചത്.

കാസര്‍കോട് കുണിയയില്‍ 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികത്തിൻ്റെ പ്രചാരണ സന്ദേശവുമായാണ് 10 ദിവസത്തെ സന്ദേശ യാത്ര സംഘടിപ്പിച്ചത്.