തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 മരണം :നാൽപ്പതോളം പേർക്ക് പരിക്ക്

തമിഴ്‌നാട് സർക്കാർ  ബസുകൾ കൂട്ടിയിടിച്ച് 11 മരണം :നാൽപ്പതോളം പേർക്ക് പരിക്ക്

ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ കുമ്മന്‍ഗുഡി പാലത്തിന് സമീപം ഇന്ന് (നവംബര്‍ 30) വൈകുന്നേരമാണ് അപകടം.തിരുപ്പത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരൈക്കുടിയില്‍ നിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഒന്‍പത് സ്‌ത്രീകള്‍ ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു.പരിക്കേറ്റ യാത്രക്കാരെ തിരുപ്പട്ടൂർ സർക്കാർ ആശുപത്രിയിലേക്കും സമീപത്തെ ആശുപത്രികളിലേക്കും പ്രവേശിപ്പിച്ചു.

കൂടാതെ, 40-ലധികം യാത്രക്കാർ ഗുരുതരമായ പരിക്കുകളോടെ തിരുപ്പത്തൂർ, മധുര, കാരൈക്കുടി സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. അവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബസിന്റെ തകർന്ന ഗ്ലാസിന്റെ ഭാഗത്തിലൂടെ ഒരു സ്ത്രീ പുറത്തേക്ക് ചാടുന്നതും മറ്റൊരു സ്ത്രീ രക്തം വാർന്ന് നിലത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞയാഴ്ച തെങ്കാശി ജില്ലയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 8 പേർ മരിച്ചിരുന്നു.അപകടം പ്രദേശത്ത് ഗതാഗതക്കുരുക്കിന് കാരണമായി, അതിനാൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം തിരിച്ചുവിട്ടു. അപകടവുമായി ബന്ധപ്പെട്ട് തിരുപ്പത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.