ദേശീയ -സംസ്ഥാന തലങ്ങളിൽ തിരക്കിട്ട അനുനയ നീക്കങ്ങള്‍ :സിപിഐ 'ആയുധം' വെച്ച് കീഴടങ്ങുമോ ?

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒപ്പിട്ടതിൻ്റെ പേരില്‍ കേരളത്തിലെ ഭരണ മുന്നണിയില്‍ ഉരുണ്ടു കൂടിയ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി സിപിഎം. ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതീവ രഹസ്യമായി പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒപ്പിട്ടതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയ സിപിഐയെ അനുനയിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടതിനു പിന്നാലെ ഡല്‍ഹിയില്‍ സിപിഐ-സിപിഎം ജനറല്‍ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തി. ഈ ചര്‍ച്ചയിലും പ്രശ്‌നത്തിനു പരിഹാരമായതായി സൂചനയില്ല.ധാരണാ പത്രത്തില്‍ നിന്നു പിന്‍മാറണമെന്നതില്‍ കുറഞ്ഞ് മറ്റൊന്നിനും സിപിഐ വഴങ്ങില്ലെന്ന സൂചനയാണ് ജനറല്‍ സെക്രട്ടറി ഡി രാജ കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിച്ചത്. എന്നാല്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സിപിഐയുടെ എല്ലാ ഉത്കണ്ഠകളും നീക്കുമെന്നും ചര്‍ച്ചകള്‍ക്കു ശേഷം സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി മാധ്യമങ്ങളോടു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കേന്ദ്രവുമായി ഒപ്പു വച്ച പിഎം ഉഷ പദ്ധതിയില്‍ കേന്ദ്രം നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ അതേ പടി കേരളം നടപ്പാക്കിയിട്ടില്ലെന്നത് ഉദാഹരണമാണെന്നും പിഎം ശ്രീ വഴി ദേശീയ വിദ്യാഭ്യാസ പദ്ധതി(എന്‍ഇപി) കടന്നുവരില്ലെന്നും ബേബി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അവരുമായി ചര്‍ച്ച നടത്തി ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ പദ്ധതിയുടെ എംഒയുവില്‍ ഒപ്പിടും മുന്‍പല്ലേ ചര്‍ച്ച വേണ്ടിയിരുന്നതെന്ന ചോദ്യത്തില്‍ നിന്ന് ബേബി ഒഴിഞ്ഞു മാറി. ഇരു പാര്‍ട്ടികളുടെയും കേരള ഘടകങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു പരിഹരിക്കട്ടെ എന്നതാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാടെന്ന് ഡി രാജ പറയുന്നുണ്ട്. ഇതില്‍ നിന്നുതന്നെ വിഷയം അടഞ്ഞ അധ്യായമല്ലെന്ന സൂചന കൂടി വരുന്നുണ്ട്. എങ്കിലും നിലവില്‍ പ്രശ്‌നപരിഹാരമായിട്ടില്ല എന്നതു വ്യക്തമാണ്.ഇന്നു രാവിലെ 12 മണിയോടെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിനോയ് വിശ്വം പദ്ധതിയുടെ എംഒയു വില്‍ ഒപ്പിട്ട സിപിഎം നടപടിക്കെതിരെ അതി രൂക്ഷമായി രംഗത്തു വന്നിരുന്നു. സിപിഐയുടെ നാല് മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാരിനെ എന്തൊരു സര്‍ക്കാരാണിതെന്ന കടുത്ത പ്രയോഗം നടത്തിയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കടന്നാക്രമിച്ചത്.മന്ത്രി സഭയില്‍ രണ്ടു തവണ ഈ വിഷയം ഉന്നയിച്ചിട്ടും ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം മന്ത്രിമാരോ ഒരക്ഷരം ഉരായിടില്ലെന്നും അദ്ദേഹം പറഞ്ഞു. 2020 മുതല്‍ ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികള്‍ അതിശക്തമായി എതിര്‍ത്തു പോരുന്ന എന്‍ഇപിയെ കേരളത്തിലേക്ക് ഒളിച്ചു കടത്താനുള്ള ആര്‍എസ്എസ് അജണ്ടയ്ക്ക് പിഎം ശ്രീയില്‍ ഒപ്പ് വച്ചതോടെ സിപിഎം കുടപിടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ ഇക്കാര്യത്തില്‍ ഇപ്പോഴും ഇരുട്ടിലാണെന്നും എംഒയു വിൻ്റെ ഉള്ളടക്കത്തിൻ്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നമുറിയില്ലെന്നും ഇടതു മുന്നണിക്കു നേതൃത്വം നല്‍കുന്ന സിപിഎം എല്ലാ മുന്നണി മര്യാദകളും ലംഘിച്ചുവെന്നും ബിനോയ് ആരോപിച്ചു.