മന്ത്രിസഭാവികസനം : ഗുജറാത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ് ഇന്ന്

അഹമ്മദാബാദ്: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഗുജറാത്തിൽ ഇന്നുച്ചയ്ക്ക് 11.30-ന് നടക്കും. ഭൂപേന്ദ്ര പട്ടേലിന്റെ മന്ത്രിസഭ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ള 16 മന്ത്രിമാരും രാജി സമര്‍പ്പിച്ചിരുന്നു .പ്രാദേശിക-ജാതി സമവാക്യങ്ങള്‍, വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകള്‍, ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) വര്‍ധിച്ചുവരുന്ന സ്വാധീനം എന്നിവ കണക്കിലെടുത്താണ് മന്ത്രിസഭയുടെ വികസനം. പുതിയ മന്ത്രിസഭയിൽ ഏകദേശം 10 പുതിയ മന്ത്രിമാര്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ മന്ത്രിമാരില്‍ പകുതിയോളം പേരെ മാറ്റാന്‍ സാധ്യതയുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ധര്‍മേന്ദ്രസിങ്, ഋഷികേശ് പട്ടേല്‍, മുകേഷ് പട്ടേല്‍, ഭൂപേന്ദ്രസിങ് ചുഡാസമ തുടങ്ങിയ മന്ത്രിമാര്‍ക്ക് തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ കനുഭായി ദേശായി (ധനകാര്യം), രാഘവ്ജി പട്ടേല്‍ (കൃഷി), കുന്‍വര്‍ജി ബാവലിയ (ജലവിതരണം), മുരുഭായി ബേര (ടൂറിസം) എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കാം.മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാരാണ് നിലവില്‍ ഗുജറാത്ത് മന്ത്രിസഭയിലുള്ളത്. ഇതില്‍ എട്ട് പേര്‍ കാബിനറ്റ് പദവിയുള്ളവരും അത്രയും പേര്‍ തന്നെ സഹമന്ത്രിമാരുമാണ്. 182 അംഗ നിയമസഭയുള്ള ഗുജറാത്തില്‍, സഭയുടെ ആകെ അംഗബലത്തിന്റെ 15 ശതമാനം വരെ, അതായത് പരമാവധി 27 മന്ത്രിമാര്‍ വരെയാകാം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ബിജെപി എം.എല്‍.എമാരോടുംഇന്നലെ തന്നെ ഗാന്ധിനഗറില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു നേരത്തെ ഈ മാസം ആദ്യം, ഗുജറാത്ത് സര്‍ക്കാരിലെ സഹമന്ത്രിയായിരുന്ന ജഗ്ദീഷ് വിശ്വകര്‍മ്മ, കേന്ദ്രമന്ത്രി സി.ആര്‍. പാട്ടീലിന് പകരമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റിരുന്നു. ഭൂപേന്ദ്ര പട്ടേല്‍ 2022 ഡിസംബര്‍ 12-നാണ് രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.