കേരള നിയമസഭാതെരഞ്ഞെടുപ്പ് : പ്രചാരണം 'ക്ളൈമാക്സി'ലേയ്ക്ക് , വിജയപ്രതീക്ഷയോടെ മുന്നണികൾ

കേരള നിയമസഭാതെരഞ്ഞെടുപ്പ് : പ്രചാരണം 'ക്ളൈമാക്സി'ലേയ്ക്ക് , വിജയപ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിന് ഇനി ആറുദിവസം ശേഷിക്കെ സംസ്ഥാനത്ത് പ്രചാരണം അവസാന റൗണ്ടിലേക്ക്. പരസ്യപ്രചാരണത്തിന് നാലുദിവസം ബാക്കി നിൽക്കേ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രധാനമ്രന്തി നരേന്ദ്രമോദി എന്നിവർ വീണ്ടും നാളെ കേരളത്തിലെത്തും.പത്ത് വർഷം അധികാരത്തിൽ നിന്നും പുറത്തിരുന്ന യുഡിഎഫിന് ഇത് ഭരണം തിരിച്ചുപിടിക്കാനുള്ള ജീവന്മരണ പോരാട്ടമാണെങ്കിൽ പൂട്ടിപ്പോയ നിയമസഭയിലെ അക്കൗണ്ട് തുറക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപിയുള്ളത്. തുടർഭരണം ഇടതിന് ലഭിച്ചില്ലെങ്കിൽ രാജ്യത്തെ ഒരു സംസ്ഥാനത്തും സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരണത്തിൽ ഉണ്ടാവില്ലെന്ന ആശങ്കയും ഇടത് ക്യാമ്പുകൾക്കുണ്ട്.

പരസ്യപ്രചാരണത്തിന് ഇനി ബാക്കിയുള്ളത് നാല് ദിനം 

ഈ മാസം ഒമ്പതിന് കേരളം ആരു ഭരിക്കണമെന്ന് വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിനായി ഇനി ലഭിക്കുക നാല് ദിവസം മാത്രം. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾക്കായി ദേശീയ നേതാക്കളുടെ പട തന്നെ കേരളത്തിൽ എത്തിച്ചേർന്നിരുന്നു.ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അടക്കമുള്ള പ്രമുഖരാണ് കളം നിറഞ്ഞത്. ബിജെപി ദേശീയ ജനറൽ സെ്രകട്ടറി വിനോദ് താവ്‌ഡെയാണ് പാർട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നത്. വീണ്ടും നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി മോദി നാളെ തിരുവനന്തപുരത്തെ റോഡ് ഷോയ്ക്ക് ശേഷം തിരുവല്ലയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതുയോഗത്തിലും സംസാരിക്കും

യുഡിഎഫിൻ്റെ പ്രചാരണ പരിപാടികൾക്കായി കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിൽ നിന്നും രാഹുൽ ഗാന്ധിയടക്കമുള്ള ഒട്ടേറെ നേതാക്കൾ സംസ്ഥാനത്തെത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി, തെലുങ്കാന മുഖ്യമ്രന്തി രേവന്ത് റെഡി തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. അവസാന റൗണ്ട് പ്രചാരണ പരിപാടികൾക്കായി നാളെ കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി എറണാകുളം പാലക്കാട് ജില്ലകളിലാവും പൊതുയോഗങ്ങളിൽ പ്രസംഗിക്കുക.

എൽഡിഎഫിന് വേണ്ടി മുഖ്യമ്രന്തി പിണറായി വിജയനാണ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിക്ക് പുറമേ ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട് , വൃന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോ അംഗം വിജുകൃഷ്‌ണൻ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി എ രാജ എന്നിവർക്ക് പുറമേ ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് എന്നിവരും പ്രചാരണത്തിനായി അണിനിരന്നു.

സ്വർണക്കൊള്ളയും സിപിഎം-ബിജെപി ഡീലും ഉന്നയിച്ച് കോൺഗ്രസ്

ശബരിമല സ്വർണക്കൊള്ള വിവാദം തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കം മുതൽ ഉന്നയിച്ച കോൺഗ്രസ് സംസ്ഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ഡീലുണ്ടെന്ന ആരോപണവും ഉന്നയിച്ചു. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷി കൂടിയായ സിപിഎമ്മിനെതിരെ ഡീൽ ആരോപണം ഉന്നയിച്ചത് കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ, പ്രിയങ്ക എന്നിവരാണെന്ന പ്രത്യേകതയുമുണ്ട്.

 മൂന്നാംശക്തിയാകാൻ ബിജെപി

സംസ്ഥാനത്തെ ഭരണവിരുദ്ധവികാരത്തിൻ്റെ പങ്ക് പറ്റി മൂന്നാം ശക്തിയാവാനുള്ള തീവ്രശ്രമമാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. 12 വർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടി തൃശൂരിൽ നിന്നും ഇക്കുറി ലോക്‌സഭയിൽ അക്കൗണ്ട് തുറന്നിരുന്നു. 2016ൽ ഒ രാജഗോപാലിലൂടെ നേമത്ത് പാർട്ടി വിജയിച്ചെങ്കിലും 2021ൽ ഇത് നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞില്ല.എന്നാൽ ഇക്കുറി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുള്ളത് . നേമം, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ വിജയപ്രതീക്ഷയുള്ളത്. രാഷ്ട്രീയ ആരോപണങ്ങൾക്കൊപ്പം കേരളത്തിൻ്റെ സമഗ്ര വികസനമെന്ന മുദ്രാവാക്യമാണ് ബിജെപി ഉയർത്തുന്നത്. ഇത്തവണ എൻഡിഎയിൽ അംഗത്വമെടുത്ത ട്വൻ്റി-ട്വൻ്റിക്ക് കൂടുതൽ സീറ്റുകൾ നൽകിയതിൽ മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉയർത്തിയതൊഴിച്ചാൽ മറ്റ് വിഷയങ്ങളൊന്നും പാർട്ടിയിലും മുന്നണിയിലുമില്ല.

എഫ്‌സിആർഎ ഭേദഗതി: ബിജെപിക്ക് ക്രൈസ്‌തവ സഭകളുടെ സമ്മർദ്ദം

കേരളത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലെത്തി നിൽക്കേ ലോക്‌സഭയിൽ സർക്കാർ അവതരിപ്പിച്ച എഫ്‌സിആർഎ ഭേദഗതി ബില്ലിൽ ക്രൈസ്‌തവ സഭകൾ നിലപാട് കടുപ്പിച്ചത് ബിജെപിക്ക് ഗുണകരമായേക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് .

ബിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നുമാണ് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ)യുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് പുറമെ മുഴുവൻ ലോക്‌സഭ, രാജ്യസഭ എംപിമാർക്കും സിബിസിഐ നിവേദനം നൽകി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിൻ്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കുന്നത്.

കൂടാതെ ബില്ല് പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണം, ആസ്‌തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികൾ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീൽ അതോറിറ്റി രൂപീകരിക്കുക എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകുന്നു. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ് ഓർത്തഡോക്‌സ്, സീറോ മലബാർ സഭാ നേതൃത്വങ്ങൾ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

ഭരണത്തുടർച്ചയ്ക്ക് സിപിഎം

സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്കുള്ള നീക്കുപോക്കുകളും തന്ത്രങ്ങളുമൊരുക്കിയാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്. പത്ത് വർഷക്കാലത്തെ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് മുന്നണി നേതൃത്വം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിട്ടുള്ളത്. പ്രചാരണപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നെടുനായകതവം വഹിക്കുന്നത്. എന്നാൽ ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഎം നേതാക്കൾ കൂടിയായ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ അറസ്റ്റിലായത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.അതോടൊപ്പം എസ്‌ഡിപിഐ പോലുള്ള പാർട്ടികളോടുള്ള   നിലപാടിൽ അയവുവരുത്തി ആരുടെ വോട്ടും സ്വീകരിക്കും എന്ന് നയം സ്വീകരിച്ചതിലും ,പാർട്ടിവിട്ടുപോയി പാർട്ടിക്കെതിരെ സ്ഥനാർത്ഥികൾ ആയിനിൽക്കുന്നവരും രക്തസാക്ഷി ഫണ്ട് വിവാദവുമൊക്കെ വോട്ടർമാരെ  എങ്ങനെ സ്വാധീനിക്കും  എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ആശങ്കയായി നിലനിൽക്കുന്നുണ്ട്.

പാർട്ടി തന്നെ അവഗണിച്ച് രാഷ്ട്രീയ ക്രിമിനലുകൾക്ക് ഇടം കൊടുത്തുവെന്ന് ആരോപിച്ച് സിപിഎം ബന്ധമുപേക്ഷിച്ച ജി സുധാകരൻ, പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പുറത്ത് പോയ പി കെ ശശി എന്നിവർ യുഡിഎഫിനൊപ്പം ചേർന്ന് മത്സരരംഗത്തിറങ്ങിയത് സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്.

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക

സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ആകെ 27142952 വോട്ടർമാരാണുള്ളത്. ഇതിൽ 13220811 പുരുഷന്മാരും 13921868 സ്ത്രീകളുമാണുള്ളത്. ട്രാൻസ്‌ജെൻഡർ-273, പ്രവാസി വോട്ടർമാർ-242093, സർവീസ് വോട്ടർമാർ - 53984 എന്നിങ്ങനെയാണ്. ഒക്ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയാണ് എസ്ഐആറിന്റെ ആദ്യഘട്ട നടപടികൾ തുടങ്ങിയിരുന്നത്.2025 ഡിസംബർ 23നു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. പിന്നീട് സംസ്ഥാനത്താകെ ഹിയറിങ് നടത്തിയിരുന്നു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകിയവരിൽനിന്നുൾപ്പെടെ പരിശോധന നടത്തി 15 ലക്ഷത്തോളം പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയാറാക്കിയത്. മരിച്ചവർ, വിദേശപൗരത്വം സ്വീകരിച്ചവർ, താമസസ്ഥലം മാറിയവർ, ഇതിനോടകം ഉൾപ്പെട്ടവർ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയുംപേരെ ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.