ആഹ്ളാദപ്രകടനത്തിനിടെ സംഘർഷം; സ്ഥാനാർഥിയുടെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞു വീണ് മരിച്ചു. രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് സംഭവം. ആളുകളെ പിടിച്ചുമാറ്റാനെത്തിയ ആനിക്കാട് സ്വദേശി ജോൺ പി തോമസ്(56) ആണ് മരിച്ചത്.
ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് കോൺഗ്രസും കേരള കോൺഗ്രസ് എമ്മും തമ്മിലാണ് സംഘർഷം ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പാർട്ടി പ്രവർത്തകർ ആനിക്കാട് കവലയിൽ ആഹ്ലാദ പ്രകടം നടത്തി. ഫലപ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ പ്രകടനം വലിയ വാക്കേറ്റത്തിലേയ്‌ക്കും പിന്നീട് അത് സംഘർഷത്തിലേക്കും എത്തുകയായിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലേയ്‌ക്ക് മത്സരിച്ച് പരാജയപ്പെട്ട കേരള കോൺഗ്രസ്(എം) ജോസ് പി ജോണിൻ്റെ ഇളയ സഹോദരനും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. പിന്നീട് ഇരുകൂട്ടരും പരസ്‌പരം ഉന്തും തള്ളുമായി. ഇത് കണ്ട് തടയാൻ ചെന്ന ജോണാണ് സംഭവത്തിനിടയിൽ കുഴഞ്ഞ് വീണതെന്ന് പൊലീസ് പറഞ്ഞു. ജോസിൻ്റെ മൂത്ത സഹോദരനാണ് ജോണ്‍.
ജോണിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ജോൺ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന ചികിത്സയിലായിരുന്നു. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു.