കൊലക്കേസില്‍ ഉള്‍പ്പെട്ട സ്ഥാനാർഥികളേയും റെഡ് അലേർട്ട് മണ്ഡലങ്ങളും അറിയാം

തിരുവനന്തപുരം :അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെ (ADR) കണക്കുകളനുസരിച്ച് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങൾ 'റെഡ് അലേർട്ട് 'മണ്ഡലങ്ങൾ .മൂന്നോ അതിലധികമോ സ്ഥാനാർഥികൾ ക്രിമിനൽ കുറ്റം നേരിടുന്ന മണ്ഡലങ്ങളെയാണ് 'റെഡ് അലേർട്ട്' മണ്ഡലമായി കണക്കാക്കുന്നത്. സത്യവാങ്മൂലം നൽകുമ്പോള്‍ സ്ഥാനാർഥികള്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്താൻ ബാധ്യസ്ഥരുമാണ്. രാഷ്ട്രീയത്തിലെ ക്രിമിനൽ പശ്ചാത്തലം എടുത്തുകാണിക്കുന്ന ഒന്നാണ് റെഡ് അലെർഡ് മണ്ഡലങ്ങളുടെ തരംതിരിവ്.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെക്കുറിച്ച് ഇത് വോട്ടർമാർക്കുള്ള മുന്നറിയിപ്പായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനെ കാണുന്നത്. 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ, 140 ൽ 75 മണ്ഡലങ്ങളെയും റെഡ് അലേർട്ട് മണ്ഡലങ്ങളായി ലേബൽ ചെയ്‌തിരുന്നു. അതായത് പകുതിയിലധികം സീറ്റുകളിൽ ഒന്നിലധികം സ്ഥാനാർഥികൾക്ക് ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു.
2026 ലെ തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ പകുതിയോളം പ്രദേശങ്ങളിലും ഉയർന്ന ക്രിമിനൽ പശ്ചാത്തല മത്സരാർഥികളുണ്ട് .
ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, അഴീക്കോട്, ധർമ്മദം, ഇരിക്കൂർ, കല്ലിയശ്ശേരി, മട്ടന്നൂർ, പേരാവൂർ, തളിപ്പറമ്പ്, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, വൈക്കം, ചിറ്റൂർ, നെന്മാറ, ഒറ്റപ്പാലം, തൃത്താല, ചാലക്കുടി, ഗുരുവായൂർ, മണലൂർ, ഒല്ലൂർ, വടക്കാഞ്ചേരി, ആലുവ, കളമശ്ശേരി, കൊച്ചി, കോതമംഗലം, പറവൂർ, പെരുമ്പാവൂർ, പിറവം, വൈപ്പൻ, ബേപ്പൂർ, കൊടുവള്ളി, കൊയിലാണ്ടി, തിരുവമ്പാടി, വടകര, ആറന്മുള, തിരുവല്ല, കൽപ്പറ്റ, മാനന്തവാടി, ദേവികുളം, തൊടുപുഴ, ചടയമംഗലം, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, കുന്നത്തൂർ, മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, പൊന്നാനി, തവനൂർ, ചിറയിൻകീഴ്, കോവളം, നെടുമങ്ങാട്, നേമം, നെയ്യാറ്റിൻകര, പാറശ്ശാല,വർക്കല ഇവയാണ് ഇത്തവണത്തെ റെഡ് അലെർട്ട് മണ്ഡലങ്ങള്‍.
പുറത്തുവന്നിരിക്കുന്ന റിപ്പോട്ടുകള്‍ പ്രകാരം, 2026ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് സ്ഥാനാർഥികള്‍ കൊലപാതക (ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ്) കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 307, ഭാരതീയ ന്യായ സംഹിത 109 വകുപ്പുകള്‍ പ്രകാരം കൊലപാതക ശ്രമത്തിന് കേസുള്ളത് 13 സ്ഥാനാർഥികള്‍ക്കാണ്.
(സ്ഥാനാർഥികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമർപ്പിക്കുന്ന സത്യവാങ്‌മൂലത്തില്‍ ഇവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളുടെ വിശദവിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിക്കുന്ന ഈ സത്യവാങ്‌മൂലത്തില്‍ നിന്ന് സ്ഥാനാർഥിയുടെ ആസ്‌തിയും വിദ്യാഭ്യാസ യോഗ്യതയും മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലവും വോട്ടർമാർക്ക് അറിയാനാകും. വോട്ടർമാർക്ക് സ്ഥാനാർഥിയെ കുറിച്ച് അറിയാൻ സുപ്രീം കോടതി നിർദേശ പ്രകാരം ലഭിച്ച അവകാശമാണ് ഈ സത്യവാങ്‌മൂലം.)
കൊലപാതക (ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ്) കേസില്‍ ഉള്‍പ്പെട്ടവർ
കാരായി രാജൻ
തലശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയാണ് കാരായി രാജൻ. മുഹമ്മദ് ഫസല്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നരവർഷം ജയിലില്‍ കിടന്ന കാരായി രാജൻ 2013 നവംബറില്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. 2006 ഒക്‌ടോബർ 22നായിരുന്നു കേസിനാസ്‌പദമായ സംഭവം. പത്രവിതരണക്കാരനായ ഫസല്‍ സെയ്‌ദാർ പള്ളിക്ക് സമീപം വച്ച് കൊല്ലപ്പെടുകയായിരുന്നു. പാർട്ടി വിട്ടതിലെ എതിർപ്പായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നു. അന്നത്തെ സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി കാരായി രാജൻ കേസില്‍ പ്രതിയാകുകയായിരുന്നു. 2012ലാണ് കാരായി രാജൻ കോടതിയില്‍ കീഴടങ്ങിയത്.
ജിലീഫ് അബ്‌ദുല്‍ ഖാദർ
തൃശൂർ ജില്ലയിലെ മണലൂർ അസംബ്ലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുകയാണ് ജിലീഫ്. എസ്‌ഡിപിഐ (സോഷ്യല്‍ ഡെമോതക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) പ്രതിനിധിയാണ് ഇദ്ദേഹം. എസ്‌ഡിപിഐ മണലൂർ മണ്ഡലം പ്രസിഡന്‍റാണ് ജിലീഫ്. ഇന്ത്യൻ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലപാത കേസില്‍ ജിലീഫ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പിവി അൻവർ
സിപിഎം വിട്ട് തൃണമൂല്‍ കണ്‍ഗ്രസില്‍ ചേർന്ന അൻവർ ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നു .കൊലപാതകം മുതല്‍ ഭൂമി കയ്യേറ്റം വരെയുള്ള കേസുകള്‍ അനവറിന്‍റെ പേരില്‍ ഉണ്ട്. യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മനാഫിന്‍റെ കൊലക്കേസിലാണ് പിവി അൻവറിന് പങ്കുള്ളത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു അൻവർ.
ടിഐ മധുസൂദനൻ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മണ്ഡലത്തില്‍ ജനവിധി തേടുന്ന ഇടത് സ്ഥാനാർഥിയാണ് ടിഐ മധുസൂദനൻ. ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം കൊലപാത കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് മധുസൂദനൻ.
കൊലപാത ശ്രമത്തില്‍ ഉള്‍പ്പെട്ടവർ :
കെഎസ് ശബരീനാഥൻ
തിരുവനന്തപുരം ജില്ല നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് കെഎസ് ശബരീനാഥൻ. ഇന്ത്യൻ ശിക്ഷാ നിയമം 307 പ്രകാരം ശബരീനാഥന്‍റെ പേരില്‍ കൊലപാതക ശ്രമം നിലവിലുണ്ട്.
ടിഐ മധുസൂദനൻ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയാണ് മധുസൂദനൻ. കൊലപാതക കേസിന് പുറമെ മധുസൂദനന്‍റെ പേരില്‍ കൊലപാക ശ്രമവും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അൻവർ സാദിഖ്
പാലക്കാട് നെൻമാറ മണ്ഡലത്തില്‍ മത്സരിക്കുന്ന എസ്‌ഡിപിഐ നേതാവാണ് അൻവർ സാദിഖ്. കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ അൻവറിന്‍റെ പേരില്‍ നിലവിലുണ്ട്.
ശോഭ സുരേന്ദ്രൻ
പാലക്കാട് നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥിയാണ് ശോഭ സുരേന്ദ്രൻ. ശോഭ സുരേന്ദ്രന്‍റെ പേരില്‍ 33 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ കൊലപാതക ശ്രമവും ഉള്‍പ്പെടുന്നു.
കെആർ രാജേഷ്
നിരവധി ക്രിമിനല്‍ കേസുകളുള്ള ഒരു സ്ഥാനാർഥിയാണ് കെആർ രാജേഷ്. ബിജെപിയെ പ്രതിനിധീകരിച്ച് ചവറ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു. നിലവിലുള്ള കേസുകളില്‍ ഇന്ത്യൻ ശിക്ഷാ നിയമം 307 പ്രകാരം കൊലപാതക ശ്രമവും ഉള്‍പ്പെടുന്നുണ്ട്.
പിവി അൻവർ
ഭൂമി കയ്യേറ്റം തുടങ്ങി കൊലപാതക കേസ് അടക്കം നിലവിലുള്ള പിവി അൻവിന്‍രെ പേരില്‍ ആകെ 11 കേസുകളാണ് ഉള്ളത്. യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മനാഫിന്‍റെ കൊലക്കേസില്‍ പ്രതിയായ അൻവർ കൊലപാതക ശ്രമത്തിലും പങ്കാളിയാണ്. ബേപ്പൂരില്‍ യുഡിഎഫ് സ്വതന്ത്രനായി ജനവിധി തേടുന്നു.
ജിലീഫ് അബ്‌ദുല്‍ ഖാദർ
തൃശൂർ, മണലൂർ അസംബ്ലി മണ്ഡലത്തില്‍ മത്സര രംഗത്തുള്ള എസ്‌ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) നേതാവാണ് ജിലീഫ്. കൊലപാത കേസിന് പുറമെ കൊലപാതക ശ്രമവും ജിലീഫിന്‍റെ പേരില്‍ ഉണ്ട്.
പരമേശ്വരൻ എ
ബിജെപി പ്രതിനിധിയായ പരമേശ്വരന്‍റെ പേരില്‍ 34 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ഐപിസി 307 കൊലപാതക ശ്രമവും ഉള്‍പ്പെടുന്നു. തൃശൂർ, പുതുക്കാട് നിന്ന് ജനവിധി തേടുകയാണ് പരമേശ്വരൻ.
ബാവൻകുട്ടി
കോഴിക്കോട് കൊടുവള്ളിയിലെ ആം ആദ്‌മി പാർട്ടി സ്ഥാനാർഥിയാണ് ബാവൻകുട്ടി. താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് അറവുമാലിന്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ശക്തമായ സമരവുമായി രംഗത്ത് വന്ന വ്യക്തിയാണ് ബാവൻകുട്ടി. രണ്ട് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ബാവൻകുട്ടിയുടെ പേരില്‍ കൊലപാതക ശ്രമവും നിലവിലുണ്ട്.
ഷംസീർ ചോമ്പാല
വടകര മണ്ഡലത്തില്‍ മത്സര രംഗത്തുള്ള എസ്‌ഡിപിഐ പ്രതിനിധിയാണ് ഷംസീർ ചോമ്പാല. രണ്ട് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ കൊലപാതക ശ്രമവും ഉള്‍പ്പെടുന്നു.
ടി റനീഷ്
കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയാണ് റനീഷ്. രണ്ട് ക്രിമിനല്‍ കേസുകളില്‍ റനീഷ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ കൊലപാതക ശ്രമവും ഉള്‍പ്പെടുന്നു.
വി. മുരളീധരൻ
തിരുവനന്തപുരം ജില്ല, കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബിജെപി നേതാവാണ് വി മുരളീധരൻ. കൊലപാതക ശ്രമം അടക്കം എട്ട് ക്രിമിനല്‍ കേസുകളാണ് വി മുരളീധരന്‍റെ പേരില്‍ ഉള്ളത്.