14കാരനെ ലൈംഗികമായി പീഡിപ്പിച്ചകേസ് : അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവും പിഴയും

14കാരനെ ലൈംഗികമായി പീഡിപ്പിച്ചകേസ് :  അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവും പിഴയും

തിരുവാരൂർ (തമിഴ്‌നാട്): പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്ത്രീക്ക് 54 വർഷം തടവും 18,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ദെഡിയൂർ സ്വദേശി 39 കാരിയായ ലളിതയാണ് പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായത്. തിരുവാരൂർ ജില്ലയിലെ എരവഞ്ചേരി പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു അങ്കണവാടിയിൽ ജോലി ചെയ്‌തു വരികയായിരുന്നു ലളിത.

2021 ൽ അങ്കണവാടി അസിസ്റ്റൻ്റായി ജോലി ചെയ്‌തിരുന്ന കാലത്ത്, പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥിയുമായി അവർക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2021 ഒക്ടോബർ 26 ന് ലളിത ഈ വിദ്യാർഥിയെ ഊട്ടിയിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ വച്ച് വിദ്യാർഥിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു.

വിദ്യാർഥിയെ കാണാതായ സാഹചര്യത്തിൽ കുട്ടിയുടെ മാതാപിതാക്കൾ എരവഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇതിനിടെ ലളിത കുട്ടിയെ ഊട്ടിയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയിരുന്നു. ഇരുവരും അവിടെ ഒരു ലോഡ്‌ജിൽ മുറിയെടുത്ത് താമസിക്കുക ആയിരുന്നു.പൊലീസ് നടത്തിയ ശക്തമായ തെരച്ചിലിലാണ് നവംബർ 4 ന് പൊലീസ് ലളിതയെയും കുട്ടിയെയും കണ്ടെത്തുന്നത്. ഇവിടെ നിന്നും കുട്ടിയെ തിരികെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കുക ആയിരുന്നു. തുടർന്ന് എരവഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് ലളിതയെ അറസ്റ്റ് ചെയ്‌തു.കേസിൻ്റെ വിചാരണ തിരുവാരൂർ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതിയിൽ നടന്നുവരികയായിരുന്നു. പ്രതിയായ സ്ത്രീ ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വിചാരണ വേളയിൽ വെളിപ്പെടുത്തി. പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

തിരുവാരൂർ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി ജഡ്‌ജി ശരത്രാജ് ആണ് ഇന്ന് വിധി പ്രസ്‌താവിച്ചത്. വിവിധ വകുപ്പുകള്‍ക്ക് കീഴിലായി ലളിതയ്ക്ക് 54 വർഷം കഠിനതടവും 18,000 രൂപ പിഴയും കോടതി വിധിച്ചു. ഇരയായ ആൺകുട്ടിക്ക് സർക്കാർ ആറ് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.