കശുവണ്ടി വികസന കോർപറേഷൻ അഴിമതി: ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് മുഹമ്മദ് ഹനീഷ്

എറണാകുളം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സിബിഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു. നിരന്തരം ഉത്തരവുകൾ അവഗണിച്ചതിന് കോടതിയുടെ രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥൻ രേഖാമൂലം മാപ്പപേക്ഷ നൽകിയത്.

കോടതി ഉത്തരവ് വായിച്ചാൽ മനസ്സിലാകില്ലേയെന്ന് മുഹമ്മദ് ഹനീഷിനെ പരിഹസിച്ച ഹൈക്കോടതി, നിരന്തരം കോടതി ഉത്തരവുകൾ അവഗണിച്ചതായും ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്. താൻ വ്യവസായ വകുപ്പിൻ്റെ ചുമതല ഒഴിഞ്ഞുവെന്ന് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു. കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ ബജറ്റ് തയ്യാറാക്കുന്നതിൻ്റെ തിരക്കിലാണെന്നായിരുന്നു ഹാജരാകാതിരിക്കാൻ മുഹമ്മദ് ഹനീഷ് നൽകിയ വിശദീകരണം. എന്നാൽ കോടതിയുമായി തന്ത്രങ്ങൾ മെനയരുതെന്നും, നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയിലെത്തി രേഖാമൂലം നിരുപാധികം മാപ്പപേക്ഷിച്ചത്.കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി പലതവണ സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്ത് അഴിമതി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണമോ പ്രോസിക്യൂഷൻ അനുമതിയോ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
അഴിമതിയുടെ വ്യാപ്തിയും സിബിഐ അന്വേഷണവും
കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്ത് മൂന്ന് തവണയാണ് പ്രോസിക്യൂഷൻ അനുമതിക്കായി സിബിഐ സംസ്ഥാന സർക്കാരിനെ സമീപിച്ചത്. അനുമതി നിഷേധിക്കപ്പെട്ടതോടെ കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് വിശദീകരണം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ കോടതി വിളിച്ചുവരുത്തിയത്.വിദേശത്തുനിന്ന് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്ത് കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്. അഞ്ഞൂറ് കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു സിബിഐയുടെ പ്രാഥമിക വിലയിരുത്തലെങ്കിലും, എൺപത് കോടിയുടെ അഴിമതിയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ഒഴിവാക്കിയാണ് സിബിഐ തിരുവനന്തപുരം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഐഎൻടിയുസി നേതാവും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ രതീഷ് എന്നിവരുൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ പ്രതികൾക്കെതിരായ വിചാരണ നടപടികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ കർശന ഇടപെടൽ ഉണ്ടായിരിക്കുന്നത്.