കോടികളുടെ കശുവണ്ടി തട്ടിപ്പ്: വ്യവസായി അനീഷ് ബാബുവിന് ജാമ്യമില്ല

എറണാകുളം: ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കള്ളപ്പണ ഇടപാട് കേസിൽ വിവാദ വ്യവസായി അനീഷ് ബാബുവിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അനീഷ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റം വ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിൻ്റെ നടപടി. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കേസ് ഡയറി, സാക്ഷിമൊഴികൾ, സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന ബാങ്ക് രേഖകൾ എന്നിവ കോടതി വിശദമായി പരിശോധിച്ചു. ഇതിൽ നിന്നും അനീഷ് ബാബു കള്ളപ്പണം കൈവശം വയ്ക്കുകയും അത് ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി വിലയിരുത്തി.
കേസിൻ്റെ അന്വേഷണം വളരെ നിർണായകമായ ഘട്ടത്തിലാണുള്ളത്. ഈ സാഹചര്യത്തിൽ പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ നിലവിൽ മതിയായ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനായി അന്വേഷണ ഏജൻസിക്ക് സമയം ആവശ്യമാണെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 14നാണ് കള്ളപ്പണ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അനീഷ് ബാബുവിനെ ഇഡി അറസ്റ്റ് ചെയ്തത്. ടാൻസാനിയയിൽ നിന്നും വൻതോതിൽ കശുവണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി പണം സമാഹരിച്ചതായിരുന്നു കേസിൻ്റെ തുടക്കം. വിവിധ വ്യക്തികളിൽ നിന്നായി മൊത്തം 25 കോടി രൂപ ഇയാൾ കരസ്ഥമാക്കി. എന്നാൽ പണം കൈപ്പറ്റിയ ശേഷം കശുവണ്ടി ഇറക്കുമതി ചെയ്യാതെ നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു. ഇത്തരത്തിൽ ലഭിച്ച തുക അനധികൃതമായി വകമാറ്റി ചെലവഴിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.