യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് നൽകാൻ സിഎടി ഉത്തരവ്

തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനാവശ്യമായ വിജിലൻസ് ക്ലിയറൻസ് 5 ദിവസത്തിനകം ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് നൽകണമെന്ന് കൊച്ചി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലി (സിഎടി)ൻ്റെ നിർദേശം. യോഗേഷ് ഗുപ്ത സമർപ്പിച്ച ഹർജിയിൽ അദ്ദേഹത്തിനനുകൂലമായി സിഎടി ഇന്നാണ് വിധി പുറപ്പെടുവിച്ചത്.കേന്ദ്ര സർക്കാരിൻ്റെ കീഴിലെ ഏജൻസികളിൽ ഡയറക്ടർ ജനറൽ തസ്തികയിലേക്ക് നിയമിക്കുന്നതിന്, യോഗേഷ് ഗുപ്തയുടെ വിജിലൻസ് പ്രൊഫൈലും സ്റ്റാറ്റസും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വർഷം ഏപ്രിൽ 24ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു . എന്നാൽ ഇതിന് മറുപടി നൽകാൻ സർക്കാർ തയ്യാറായില്ല. തുടർന്ന്, ഇതേ ആവശ്യം ഉന്നയിച്ച് ഏപ്രിൽ 28, മെയ് 1, മെയ് 5, മെയ് 9, മെയ് 13, മെയ് 29, ജൂൺ 9, ജൂൺ 18 എന്നീ ദിവസങ്ങളിലും ആവർത്തിച്ച് കത്തയച്ചിട്ടും സർക്കാർ മറുപടി നൽകിയില്ല.
കത്തിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടെങ്കിലും, വിജിലൻസ് ക്ലിയറൻസ് നൽകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. ഇതിനെതിരെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് യോഗേഷ് ഗുപ്ത സിഎടിയെ സമീപിച്ചു. അഖിലേന്ത്യാ ഡെപ്യൂട്ടേഷന് തയ്യാറാകുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ കാരണങ്ങളില്ലാതെ വിജിലൻസ് ക്ലിയറൻസ് നൽകരുതെന്ന 2024ലെ കേന്ദ്ര പേഴ്സനൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്‍മെൻ്റിൻ്റെ മാർഗനിർദേശങ്ങൾ തൻ്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുപ്തയുടെ ഹർജി.എന്നാൽ ഹർജി നൽകിയതിന് പിന്നാലെ, സെപ്റ്റംബർ 10ന് യോഗേഷ് ഗുപ്തയ്ക്കെതിരെ ചീഫ് സെക്രട്ടറി നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി കെബി ഗണേഷ് കുമാർ, ചീഫ് സെക്രട്ടറി എ ജയതിലക് ഉൾപ്പെടെ 7 ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അനുമതിയില്ലാതെ വിജിലൻസ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത അന്വേഷണം പ്രഖ്യാപിച്ചു എന്നാരോപിച്ചായിരുന്നു ചീഫ് സെക്രട്ടറിയുടെ അന്വേഷണം. വിജിലൻസ് ക്ലിയറൻസ് നൽകാത്തത് ഈ കാരണത്താൽ എന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം.
എന്നാൽ, ഏതൊക്കെ കാര്യങ്ങളിലാണ് അന്വേഷണമെന്നും വിജിലൻസ് ക്ലിയറൻസ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച എല്ലാ കത്തുകളുടെയും ഒറിജിനൽ ഹാജരാക്കാനും സിഎടി സർക്കാരിന് സെപ്റ്റംബർ 15ന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ സർക്കാർ സമർപ്പിച്ച മറുപടി സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഇന്ന് ഗുപ്തയ്ക്ക് അനുകൂലമായി സിഎടി വിധി പുറപ്പെടുവിച്ചത്.