ബാങ്ക് തട്ടിപ്പ് : അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ

ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിക്കെതിരെ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കേസെടുത്തു. പൊതുമേഖലാ ബാങ്കിൽ നിന്ന് 228 കോടി രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസെടുത്തത്. ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ) ഡയറക്‌ടർമാരായ അനിൽ അംബാനി, രവീന്ദ്ര ശരദ് സുധാകർ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സിബിഐ പറഞ്ഞു.
ഫണ്ട് വകമാറ്റി ചെലവഴിച്ചും വഞ്ചനാപരമായ ദുരുപയോഗം ചെയ്‌തും യൂണിയൻ ബാങ്കിൽ നിന്ന് 228 കോടി രൂപ തട്ടിയെടുത്തതിന് ഇരുവര്‍ക്കുമെതിരെ സിബിഐ കേസെടുത്തതായി ഫോറൻസിക് ഓഡിറ്റ് വെളിപ്പെടുത്തി. ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്കിൻ്റെ മുംബൈയിലെ എസ്‌സിഎഫ് ശാഖയിൽ നിന്ന് 450 കോടി രൂപ കമ്പനി എടുത്തിരിന്നുവെന്നും ഇത് തിരിച്ചടയ്‌ക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. സമയബന്ധിതമായി തിരിച്ചടവ്, പലിശ എന്നിവ നൽകുക, മറ്റ് ആവശ്യമായ രേഖകൾ യഥാസമയം സമർപ്പിക്കുക, ബാങ്ക് അക്കൗണ്ട് മുഖേന തിരിച്ചടയ്‌ക്കുക തുടങ്ങിയ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബാങ്ക് കമ്പനിയോട് വ്യവസ്ഥ ചെയ്‌തിരുന്നു.
എന്നാല്‍, കമ്പനി ബാങ്കിന് പണം തിരിച്ചടക്കാത്തതോടെയാണ് നടപടി സ്വീകരിച്ചത്. "വായ്‌പ എടുത്ത കമ്പനിയുടെ മുൻ പ്രൊമോട്ടർമാർ/ഡയറക്‌ടർമാർ ആയി ജോലി ചെയ്‌ത കുറ്റാരോപിതരായ വ്യക്തികൾ അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചു, വിശ്വാസ വഞ്ചനയിലൂടെ ഫണ്ട് ദുരുപയോഗം ചെയ്‌തു, ധനസഹായത്തിന് വേണ്ടി നൽകിയ ഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു" ബാങ്ക് ആരോപിച്ചു.
റിലയൻസിനെതിരെ സെബി
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് വ്യവസായി അനിൽ അംബാനിയെയും കമ്പനിയിലെ മറ്റ് 24 പേരെയും ഓഹരി വിപണിയില്‍ നിന്ന് വിലക്കിയതായി സെബി വ്യക്തമാക്കി. 5 വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിന് പുറമേ അംബാനിക്ക് 25 കോടി രൂപ പിഴയും ചുമത്തി.
വിലക്കിനെ തുടര്‍ന്ന് അഞ്ച് വർഷത്തേക്ക് ലിസ്‌റ്റഡ് കമ്പനിയിലും സെബിയിൽ രജിസ്‌റ്റർ ചെയ്‌ത സ്ഥാപനത്തിലും അനില്‍ അംബാനിക്ക് ഡയറക്‌ടറായോ ഉന്നത സ്ഥാനത്ത് പ്രവര്‍ത്തിക്കാനോ ആവില്ല. റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് ആറ് മാസത്തേക്ക് സെബി വിലക്കുകയും 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു.റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്‍റെ ഫണ്ട് വഴിതിരിച്ചുവിട്ടതായും പണം ചോർത്തിയതായും കാട്ടി ഒന്നിലധികം പരാതികൾ ലഭിച്ചതിന് ശേഷമാണ് സെബി അന്വേഷണം നടത്തിയത്.