ശബരിമലയിലെ സ്വർണ്ണപ്പാളി അഴിമതി : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി മണ്ഡലം
പത്തനംതിട്ട: ശബരിമലയിൽ വ്യവസായി വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെയെന്ന് മുൻ തന്ത്രി കണ്‌ഠരര് മോഹനരര്. "പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല, അന്ന് 30 കിലോയോളം സ്വർണം ഉപയോഗിച്ചു എന്നാണ് അറിവ്, 1999ൽ സ്വർണം പൊതിഞ്ഞപ്പോൾ സ്വർണത്തിൻ്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ടാകണം" എന്നും തന്ത്രി വ്യക്തമാക്കി."ദ്വാരപാലക ശിൽപപാളികൾ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്, അറ്റകുറ്റപ്പണികൾ നടത്തേണ്ടത് സന്നിധാനത്ത് വച്ച് തന്നെയാണ്, പുറത്തുകൊണ്ടുപോയി ഉള്ള അറ്റകുറ്റപ്പണികൾക്ക് തന്ത്രിമാർ അനുമതി നൽകാറില്ല, വിവാദങ്ങളിൽ സമഗ്ര അന്വേഷണം വേണം" എന്നും മുൻ തന്ത്രി കണ്‌ഠരര് മോഹനരര് പറഞ്ഞു.ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിലെ സ്വർണം പൂശിയതുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിക്കണമെന്ന് തന്ത്രി മണ്ഡലം കേരള ഹൈക്കോടതിയോട് അഭ്യർഥിച്ചു. 1998 ൽ സ്വർണം പൊതിഞ്ഞതും 2019 മുതൽ വീണ്ടും സ്വർണം പൂശിയതുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് അഭ്യർഥന. നടപടികളിലെ വീഴ്‌ചയും അഴിമതിയും കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു സിബിഐ അന്വേഷണ ഉത്തരവിടണമെന്നാണ് തന്ത്രി മണ്ഡലത്തിൻ്റെ ആവശ്യം.
"2018 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ഭരിച്ചിരുന്ന പ്രസിഡൻ്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ, ദേവസ്വം കമ്മിഷണർമാർ, തിരുവാഭരണ കമ്മീഷണർമാർ, ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർമാർ എന്നിവരെ ഉണ്ണികൃഷ്‌ണൻ പോറ്റിയോടൊപ്പം കൂട്ടു പ്രതികളാക്കി കേസ് മുന്നോട്ട് കൊണ്ടുപോയി കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണം" എന്ന് തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. ഈ കാലയളവിലെ ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യം കണ്ട് കെട്ടണമെന്നും ആവശ്യം ഉന്നയിച്ചു.