സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി വിതരണം നിർത്തലാക്കി.

ന്യൂഡൽഹി:ഈ വർഷം മുതൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഹാർഡ് കോപ്പി മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)അറിയിച്ചു.. സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ ഡോക്യുമെന്റേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡിജിലോക്കർ വഴി വിദ്യാർത്ഥികൾക്ക് ഇനി അവരുടെ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പകർപ്പുകൾ മാത്രമേ ലഭിക്കൂ.ഫിസിക്കൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ അവസാനിപ്പിക്കുകയും ഡാറ്റ വെരിഫിക്കേഷൻ കാര്യക്ഷമമാക്കുകയും ചെയ്യും. കൂടാതെ 2026 മുതൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ രണ്ടാമതൊരു അവസരം കൂടി ലഭിക്കുകയും ബോർഡ് പരീക്ഷകൾ എളുപ്പമാക്കുകയും ചെയ്യുമെന്ന് സിബിഎസ്ഇ .പുതിയ മാറ്റങ്ങൾ പേപ്പർവർക്കുകൾ കുറയ്ക്കാനും പ്രക്രിയകൾ വേഗത്തിലാക്കാനും വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇതേ സംബന്ധിച്ച് സമ്മിശ്ര അഭിപ്രായങ്ങളും ആശങ്കയുമാണ് നിലവിലുള്ളത്. എന്നാൽ പ്രതീക്ഷയോടെയാണ് എല്ലാവരും ഈ മാറ്റത്തെ നോക്കി കാണുന്നതെന്നാണ് വിലയിരുത്തൽ.2025 മുതൽ സിബിഎസ്ഇ 10, 12 ക്ലാസുകൾക്ക് ഫിസിക്കൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിർത്തും. പകരം, ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്നതിനും പങ്കിടുന്നതിനുമുള്ള സുരക്ഷിതമായ സർക്കാർ പ്ലാറ്റ്‌ഫോമായ ഡിജിലോക്കർ ഉപയോഗിക്കാം. അതുവഴി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി ലഭിക്കും.മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾ മറ്റൊരു ബോർഡിലേക്കോ സ്ഥാപനത്തിലേക്കോ മാറുന്നതിനുള്ള വിദ്യാഭ്യാസ തെളിവാണ്. ഈ സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കാതെ തന്നെ വിദ്യാർഥിയുടെ ഡിജിലോക്കർ അക്കൗണ്ടിലേക്ക് സ്വയമേവ അപ്‌ലോഡ് ചെയ്യപ്പെടും എന്നതാണ് മറ്റൊരു സവിശേഷത.ഡോക്യുമെൻ്റ് ആക്‌സസ് വേഗത്തിലാക്കാനും കൂടുതൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പു വരുത്താനും ഇതിലൂടെ ആകുമെന്ന് സിബിഎസ്ഇ ബോർഡ് പറഞ്ഞു. നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററിയിൽ (എൻഎഡി) നിന്നും ഡിജിലോക്കറിൽ നിന്നുമുള്ള രേഖകൾ സർവകലാശാലകൾ ഔദ്യോഗികമായി സ്വീകരിക്കണമെന്ന 2022 ലെ യുജിസി നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് ബോർഡ് കൂട്ടിച്ചേർത്തു.നേരത്തെ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ആഴ്‌ചകളോളം കാത്തിരിക്കണം. എന്നാൽ ഇപ്പോൾ എല്ലാം ഡിജിറ്റലാകുന്നതോടെ കൂടുതൽ എളുപ്പമാകും. അതൊരു വലിയ ആശ്വാസമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.ഫിസിക്കൽ കോപ്പികള്‍ വേണമെങ്കിൽ അതിനും വഴിയുണ്ട്. ചില അന്താരാഷ്ട്ര സർവകലാശാലകളിൽ അപേക്ഷിക്കാൻ ഫിസിക്കൽ കോപ്പികൾ ആവശ്യമാണ്. സിബിഎസ്ഇയുടെ ഡ്യൂപ്ലിക്കേറ്റ് അക്കാദമിക് ഡോക്യുമെൻ്റ് സിസ്‌റ്റം (ഡിഎഡിഎസ്) പോർട്ടൽ വഴി സർട്ടിഫിക്കേറ്റിന് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
എങ്ങനെ ആക്‌സസ് ചെയ്യാം:
ഡിജിലോക്കർ വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയോ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ ആക്‌സസ് ചെയ്യാവുന്നതാണ്.
- ആദ്യം ഡിജിലോക്കറിൽ കയറി പേരും മറ്റു വിവരങ്ങളും നൽകി രജിസ്‌റ്റർ ചെയ്യുക.
- രജിസ്‌റ്റർ ചെയ്‌ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്‌തതിനുശേഷം പാസ്‌വേർഡ് സെറ്റ് ചെയ്യുക.
- ഇഷ്യുഡ് ഡോക്യുമെൻ്റ് (Issued Documents) എന്നതിലേക്ക് പോകുക.
- ശേഷം സിബിഎസ്ഇ തെരഞ്ഞെടുക്കുക. അതിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- ഫയൽ ഡൗൺലോഡ് ചെയ്‌ത് സേവ് ചെയ്യുക.
ഡിജിലോക്കർ അക്കൗണ്ടുകൾ സൃഷ്‌ടിക്കാൻ സ്‌കൂളുകൾ വിദ്യാർഥികൾക്ക് ആറ് അക്ക ആക്‌ടിവേഷൻ കോഡുകൾ നൽകും. ഡിജിറ്റൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളും മറ്റും തൽക്ഷണം പരിശോധിക്കാൻ കഴിയുമെന്നും സൗകര്യവും ഉത്തരവാദിത്തവും സംയോജിപ്പിക്കുന്നതാണ് ഈ പരിഷ്‌കരണമെന്നും അധ്യാപകർ പറയുന്നു.
തെറ്റ് തിരുത്താനും അവസരം
പൂർണമായി ഡിജിറ്റലിലേക്ക് മാറുന്നതിനൊപ്പം 10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ (LOC) പരിശോധിച്ച് ശരിയാക്കാൻ സിഎബിഎസ്ഇ എല്ലാ സ്‌കൂളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ഒക്ടോബർ 13 മുതൽ 27 വരെയാണ് സമയം. സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും അവരുടെ പേരുകൾ, മാതാപിതാക്കളുടെ വിവരങ്ങൾ, ജനനത്തീയതികൾ അല്ലെങ്കിൽ വിഷയങ്ങൾ എന്നിവയിലെ തെറ്റുകൾ തിരുത്താൻ സാധിക്കും.