പത്താം ക്ലാസ് വിദ്യാർഥികൾക്ക് പുതിയ മാർഗനിർദേശവുമായി സിബിഎസ്‌ഇ

പത്താം ക്ലാസ്  വിദ്യാർഥികൾക്ക്  പുതിയ മാർഗനിർദേശവുമായി സിബിഎസ്‌ഇ

ന്യൂഡൽഹി: 2026ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പുതിയ മാർഗനിർദേശവുമായി സിബിഎസ്‌ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ). മുല്യനിർണയത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്ന് ബോർഡ് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ വിദ്യാർഥികൾക്ക് നൽകണമെന്നും ബോർഡ് സ്‌കൂളുകളോട് ആവശ്യപ്പെട്ടു. സിബിഎസ്‌ഇ പത്താം ക്ലാസിൻ്റെ സയൻസ്, സോഷ്യൽ സയൻസ് ചേദ്യ പേപ്പറുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് സയൻസ് പേപ്പറിനെ മൂന്നായി വിഭജിക്കും. സെക്ഷൻ എ, സെക്ഷൻ ബി, സെക്ഷൻ സി എന്നിങ്ങനെയാണ് വിഭജിക്കുക. സെക്ഷൻ എ ജീവശാസ്ത്രം, സെക്ഷൻ ബി രസതന്ത്രം, സെക്ഷൻ സി ഭൗതികശാസ്ത്രം എന്നിങ്ങനെയായിരിക്കും.സോഷ്യൽ സയൻസ് പേപ്പറിനെ നാല് വിഭാഗങ്ങളായി തിരിക്കും. എ വിഭാഗത്തിൽ ചരിത്രം, ബി വിഭാഗത്തിൽ ഭൂമിശാസ്‌ത്രം, സി വിഭാഗത്തിൽ പോളിറ്റിക്‌ സയൻസ്, ഡി വിഭാഗത്തിൽ സമ്പാത്തിക ശാസ്‌ത്രം എന്നിങ്ങനെയായിരിക്കും വേർത്തിരിക്കുക.വിദ്യാർഥികൾ ചോദ്യപേപ്പർ ഫോർമാറ്റ് അനുസരിച്ചാണ് ഉത്തരക്കടലാസുകൾ തയ്യാറാക്കേണ്ടത്. ഒരു വിഭാഗത്തിലെ ചോദ്യത്തിൻ്റെ ഉത്തരം ആ വിഭാഗത്തിൽ തന്നെ എഴുതണം. ഉദാഹരണത്തിന് ഭൂമിശാസ്‌ത്ര വിഭാഗത്തിൽ ചരിത്രത്തിൻ്റെ ഉത്തരമോ രസതന്ത്രം വിഭാഗത്തിൽ ജീവശാസ്ത്രത്തിൻ്റെ ഉത്തരമോ എഴുതാൻ പാടില്ല. ഭൂമിശാസ്‌ത്രത്തിൽ വിഭാഗത്തിൽ അതിൻ്റെ ഉത്തരം മാത്രമേ എഴുതാൻ പാടുള്ളൂ.

ഇങ്ങനെ ഉത്തരം എഴുതിയാൽ അത് വിലയിരുത്തുകയോ മാർക്കിനായി പരിഗണിക്കുകയോ ഇല്ലെന്ന് ബോർഡ് അറിയിച്ചു. കൂടാതെ ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള പുനർ മൂല്യനിർണ്ണയത്തിൽ പോലും ഇത്തരം തെറ്റുകൾ പരിഗണിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി.ഇത്തരം തെറ്റുകൾ ആവർത്തിക്കാത്തിരിക്കാൻ പ്രീ-ബോർഡ് പരീക്ഷകളിൽ ഈ പാറ്റേൺ പരിശീലിപ്പിക്കാൻ സ്‌കൂളുകളോട് ബോർഡ് നിർദേശിച്ചിട്ടുണ്ട്. സയൻസ്, സോഷ്യൽ സയൻസ് എന്നിവയുടെ മോഡൽ ചോദ്യപേപ്പറുകൾ സിബിഎസ്‌ഇ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുണ്ടെന്നും അതിലൂടെ വിദ്യാർഥികൾക്ക് പുതിയ പാറ്റേൺ മനസിലാക്കാൻ കഴിയുമെന്നും ബോർഡ് വ്യക്തമാക്കി.അതേസമയം, സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പ്രാക്‌ടിക്കൽ പരീക്ഷകൾ ജനുവരി 1 ഫെബ്രുവരി 14 വരെ നടക്കുന്നതെന്ന് പരീക്ഷ ബോർഡ് അറിയിച്ചു. പ്രാക്‌ടിക്കൽ പരീക്ഷയുടെ മാർക്ക് പരീക്ഷ ദിവസങ്ങളിൽ തന്നെ അപ്‌ലോഡ് ചെയ്യാനാണ് ബോർഡിൻ്റെ നിർദേശം. തുടർ മൂല്യനിർണയം, പ്രോജക്‌ട് എന്നിവയുടെ മാർക്കുകളും അതതു ദിവസങ്ങളിൽ തന്നെ അപ്‌ലോഡ് ചെയ്യണം. പരീക്ഷ അവസാനിക്കുന്ന ഫെബ്രുവരി 14 നു മുൻപ് ഈ നടപടികൾ പൂർത്തിയാക്കാമെന്നാണ് ബോർഡ് പറഞ്ഞിരിക്കുന്നത്.