സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്‌ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് തുടക്കം

കാസര്‍ഗോട്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്‌ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് തുടക്കം. ഫെബ്രുവരി 8 വരെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വച്ചായിരിക്കും സമ്മേളനം നടക്കുക. കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്ന് എത്തിച്ച പതാകകളുമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്ന് കുണിയയിലെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര പുറപ്പെടും.

3.30ന് പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ച് നടക്കും. വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്‌ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും.
രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്‌ത ട്രഷറര്‍ പിപി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് ആമുഖ പ്രഭാഷണം നടത്തും.ഈജിപ്‌തിലെ കെയ്‌റോ ഇസ്‌ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്‌ദു ദാഇം അല്‍ ജുന്‍ദി വിശിഷ്‌ടാതിഥിയാകും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്‌ദി സ്‌മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്‌തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്‌തകം പരിചയപ്പെടുത്തും. സമസ്‌ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും.സമസ്‌ത ശതാബ്‌ദിയോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്‌തകം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്യും. അബ്‌ദുല്‍ മജീദ് ഹാജി പുസ്‌തകം സ്വീകരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സപ്ലിമെൻ്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസുദീന്‍ ഹാജി കുമ്പള സപ്ലിമെൻ്റ് സ്വീകരിക്കും. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്‌ദുള്ള മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.കെ.സുധാകരന്‍ എംപി, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, സിഎച്ച് കുഞ്ഞമ്പു, എം.രാജഗോപാല്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥികളാകും. സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ് വി, ബികെ അബ്‌ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും.
വ്യാഴാഴ്‌ച രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാംപ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ്‌രിബ് നിസ്‌കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും.സമ്മേളനത്തിൻ്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാംപിന് ഫെബ്രുവരി ആറിന് വൈകുന്നേരം നാല് മണിക്ക് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും.
8ന് വൈകുന്നേരം 4ന് സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്‌ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്‌ടറിൽ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്‌ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ശതാബ്‌ദി സന്ദേശം നല്‍കും. സമസ്‌ത സെൻ്റിനറി അവാര്‍ഡ് ലുലു ഇൻ്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് സമ്മാനിക്കും.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡെവലപ്മെൻ്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍എ ഹാരിസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ ഉപഹാര സമര്‍പ്പണം നടത്തും.ചടങ്ങിൽ ദേശീയ, അന്തര്‍ദേശീയ തലങ്ങളിൽ പ്രമുഖരായ പണ്ഡിതന്‍മാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവർ പങ്കെടുക്കുമെന്ന് സമസ്‌ത നേതാക്കൾ അറിയിച്ചു.