വാട്‌സാപ്പ് ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിൻ്റെ വിലക്ക്

ന്യൂഡൽഹി: ഫോൺ നമ്പറുകൾ പരസ്യമാക്കാതെ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന വാട്‌സാപ്പിൻ്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിൻ്റെ ഇന്ത്യയിലെ അവതരണത്തിന് കേന്ദ്ര സർക്കാർ താൽക്കാലിക വിലക്കേർപ്പെടുത്തി. ഫീച്ചർ രാജ്യത്ത് വലിയ തോതിലുള്ള സൈബർ തട്ടിപ്പുകൾക്കും വ്യാജ വ്യക്തിത്വ ചമയലുകൾക്കും വഴിവെക്കുമെന്ന ശക്തമായ ആശങ്കയെത്തുടർന്ന് കേന്ദ്ര ഐടി മന്ത്രാലയം വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഔദ്യോഗിക നോട്ടീസ് അയച്ചു. ഈ സാങ്കേതികവിദ്യയുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകാൻ കേന്ദ്രം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവൺമെന്റുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ ഈ ഫീച്ചർ യാതൊരു കാരണവശാലും ഉപഭോക്താക്കളിലേക്ക് എത്തിക്കരുതെന്നും നോട്ടീസിൽ കർശനമായി നിർദ്ദേശിക്കുന്നു.
ഇതുവരെ ഫോൺ നമ്പറുകൾ അടിസ്ഥാനമാക്കി മാത്രം പ്രവർത്തിച്ചിരുന്ന വാട്‌സാപ്പിൽ, ടെലഗ്രാം മാതൃകയിൽ ഉപഭോക്താക്കൾക്ക് ‘@’ ചിഹ്നത്തോടെ തുടങ്ങുന്ന തനതായ യൂസർനെയിമുകൾ സ്വന്തമാക്കാനുള്ള ഫീച്ചർ മെറ്റ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ സംവിധാനം നിലവിൽ വന്നാൽ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ, ഫിഷിംഗ് , ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ എന്നിവ ഗണ്യമായി വർദ്ധിക്കുമെന്ന് ഐടി മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഒറിജിനൽ അക്കൗണ്ടുകളോട് സാദൃശ്യമുള്ള വ്യാജ പേരുകൾ നിർമ്മിച്ച് ബാങ്കുകളുടെയോ, സർക്കാർ ഏജൻസികളുടെയോ, പ്രമുഖ വ്യക്തികളുടെയോ പേരിൽ സൈബർ ക്രിമിനലുകൾക്ക് ജനങ്ങളെ എളുപ്പത്തിൽ പറ്റിക്കാൻ ഇത് ലൂപ്പ്ഹോളുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.ഫോൺ നമ്പറുകൾ മറച്ചുവെക്കപ്പെടുന്നത് സൈബർ പോലീസിനും അന്വേഷണ ഏജൻസികൾക്കും കുറ്റവാളികളെ കണ്ടെത്താൻ വലിയ തടസ്സമുണ്ടാക്കുമെന്ന് ടെലികോം വകുപ്പും ഡൽഹി പോലീസും സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ഈ ഫീച്ചറെന്നും, പ്രമുഖ വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യാതിരിക്കാൻ അവ മുൻകൂട്ടി റിസർവ്വ് ചെയ്തു വെച്ചിട്ടുണ്ടെന്നുമാണ് വാട്‌സാപ്പിന്റെ വാദം. എങ്കിലും തട്ടിപ്പുകൾ തടയാൻ കൃത്യമായ സുരക്ഷാ സംവിധാനം ഒരുക്കിയില്ലെങ്കിൽ ഫീച്ചർ ഇന്ത്യയിൽ പൂർണ്ണമായി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നേക്കും.