സ്ത്രീ സംവരണ നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ.

ന്യുഡൽഹി : 2029 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ സംവരണ നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണ ചെയ്യാനാണ് പദ്ധതി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്‌സഭയിലും നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനവ് പരിഗണനയിലുണ്ട്.
നിയമസഭ സീറ്റുകളുടെ എണ്ണം പരമാവധി 50 ശതമാനം വരെ ഉയർത്താനുള്ള പദ്ധതിയെക്കുറിച്ച് വിശകലനം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ നിർദേശ പ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്നും 816 ആയി ഉയർത്തും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. രാജ്യത്ത് വനിതാ സംവരണം യാഥാർഥ്യമാകുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ മാറ്റം വരും.
കേരളത്തിൽ നിലവിലുള്ള ലോക്‌സഭ സീറ്റുകളുടെ എണ്ണം 20-ൽ നിന്ന് 30 ആയും. നിയമസഭാ അംഗബലം 140-ൽ നിന്ന് 210 ആയും ഉയർന്നേക്കും എന്നുമാണ് സൂചനകൾ. ജമ്മു കശ്‌മീരിൽ നിയമസഭാ സീറ്റുകളുടെ എണ്ണം 90 ൽ നിന്ന് 135 ആയി വർധിപ്പിക്കും. ലോക്‌സഭാ പ്രാതിനിധ്യം അഞ്ചിൽ നിന്ന് ഏഴോ എട്ടോ സീറ്റുകളായി ഉയരും. ഈ ഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കിയാൽ രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ പ്രതിഫലിക്കും.നിർദേശപ്രകാരം, 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ഇത് ജമ്മു കശ്‌മീർ നിയമസഭയിൽ ഏകദേശം 45 സംവരണ സീറ്റുകളായി മാറും. ലോക്‌സഭയിൽ, ആകെ ഏഴായി ഉയർന്നാൽ രണ്ട് സീറ്റുകൾ അല്ലെങ്കിൽ എട്ടിൽ എത്തിയാൽ മൂന്ന് സീറ്റുകൾ സംവരണം ചെയ്യാം. ഈ നിർദേശത്തിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കാൻ കേന്ദ്രം ശ്രമങ്ങൾ ആരംഭിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ നിരവധി പാർട്ടികളുമായി കൂടിയാലോചനകൾ നടക്കുന്നുണ്ട്.