മാപ്പ് പറഞ്ഞ് ചെയര്‍മാന്‍, ഇന്‍ഡിഗോ സാധാരണഗതിയിലേക്ക്

ന്യൂഡല്‍ഹി: വിമാന സര്‍വീസുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിച്ച് ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്‍റെ ( ഇന്‍ഡിഗോ) ഡയറക്‌ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വിക്രംസിങ് മേത്ത . കഴിഞ്ഞ ഒരാഴ്‌ചയായി നീളുന്ന പ്രതിസന്ധിയില്‍ യാത്രക്കാരോട് അത്യധികം ക്ഷമ ചോദിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്.
"കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻതോതിലുള്ള വിമാന റദ്ദാക്കലുകളും സേവന തടസ്സങ്ങളും സംബന്ധിച്ച് യാത്രക്കാരോട് അത്യധികം ക്ഷമ ചോദിക്കുന്നു. യാത്രക്കാരെ നിരാശപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ക്ഷമ ചോദിക്കുന്നു. ഡിസംബർ 3-ന് ഉണ്ടായ അനിയന്ത്രിതമായ സംഭവം മൂലം നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. ഇത് ഡിസംബർ 4, 5 തീയതികളിലും തുടർന്നു. ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയി, കുടുംബചടങ്ങുകൾ, ബിസിനസ് മീറ്റിങ്ങുകൾ, മെഡിക്കൽ അപ്പോയ്മെന്‍റുകള്‍, അന്താരാഷ്ട്ര കണക്ഷൻ ഫ്ലൈറ്റുകൾ എന്നിവ നഷ്ടപ്പെട്ടു. ബാഗേജ് വൈകുന്നതും വിലാസം തെറ്റി മറ്റിടങ്ങളിലേക്ക് എത്തിയതും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിച്ചു.",ചെയര്‍മാന്‍ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പ്രസ്‌താവന നടത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ കടമ സി.ഇ.ഒ പീറ്റർ എൽബേഴ്സിനും ടീമിനും പിന്തുണ നൽകുക, പ്രവർത്തനം സാധാരണപ്പെടുത്തുക, ബാധിതരായ യാത്രക്കാരെ സഹായിക്കുക എന്നിവയാണെന്നും അതിനാലാണ് കാത്തിരുന്നതെന്നും മഹ്ത വ്യക്തമാക്കി.പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് മാറുകയാണെന്നും 1900 ലധികം സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന 138 സര്‍വീസുകളും നടത്തുന്നുണ്ടെന്നും മേത്ത പറഞ്ഞു. അതേസമയം ഓണ്‍ ടൈം പെര്‍ഫോര്‍മന്‍സ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഴവ് അംഗീകരിക്കുന്നു....
“ഒരു ക്ഷമാപണം കൊണ്ട് നിങ്ങളെ ബാധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയില്ലെന്ന് അറിയാം. പക്ഷേ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതിന്‍റെ ഉത്തരവാദിത്വം ഞാൻ വ്യക്തമായി സമ്മതിക്കുന്നു", ചെയര്‍മാന്‍ പറഞ്ഞു. ഇതിനിടെ, ഇൻഡിഗോക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ ചിലത് ന്യായമാണെന്നും ചിലത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവിച്ച പിഴവുകള്‍ എന്താണെന്ന് പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി, പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്താനും ആവശ്യമായ പരിഹാര നടപടികൾ സ്വാീകരിക്കാനും സാങ്കേതിക വിദഗ്ധനെ നിയമിക്കാൻ ബോർഡ് തീരുമാനിച്ചതായും വിക്രംസിങ് മേത്ത അറിയിച്ചു. ഇപ്പോഴുണ്ടായ തടസങ്ങള്‍ മനപൂര്‍വമല്ല, പല കാരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ടെന്നും ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ ടീമുമായി മാനേജ്മെന്‍റ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എല്ലാ ദിവസവും യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലേക്ക് എത്തിക്കാനും ദുരിതമനുഭവിക്കുന്ന യാത്രക്കാരെ പിന്തുണയ്ക്കാനും സുതാര്യമായ ആശയവിനിമയം നടത്താനും പ്രതിസന്ധി പരിഹരിക്കാനും വിമാനക്കമ്പനി കൂട്ടായ പരിശ്രമത്തിലാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.ഡിജിസിഎയുടെ ക്രൂ ഡ്യൂട്ടി ടൈം ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് പൈലറ്റ് ക്ഷാമം ആണ് ഇന്ത്യയിലുടനീളം ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണമായത്. സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ഡ്യൂട്ടി ചട്ടമായ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതില്‍ ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവ് നല്‍കിയിരുന്നു.