നാളെ കേരളത്തിൽ ചെറിയ പെരുന്നാള്‍

കോഴിക്കോട്: കാപ്പാട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ കേരളത്തിൽ ചെറിയ പെരുന്നാള്‍. ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവരാണ് ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചത്. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്. 29 നോമ്പുകള്‍ പൂർത്തിയാക്കിയാണ് നാളെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
റംസാൻ ഈദ് അല്ലെങ്കിൽ 'മീഠി ഈദ് 'എന്നും അറിയപ്പെടുന്ന ഈദുൽ ഫിത്തർ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്ന ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ്. പുലർച്ചെ മുതൽ സൂര്യാസ്‌തമയം വരെ നോമ്പ് അനുഷ്‌ഠിക്കുന്ന വിശുദ്ധ മാസമായ റമദാനിൻ്റെ സമാപ്‌തിയായാണ് ഇത് അടയാളപ്പെടുത്തുന്നത്. റമദാൻ മാസത്തിൻ്റെ അവസാനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹങ്ങൾ ആഘോഷിക്കുന്നതാണ് ഈദ്-ഉൽ-ഫിതർ.പള്ളികളിലും സ്‌കൂൾ ഗ്രൗണ്ടുകളിലും, മസ്‌ജിദുകളിലും നാളെ ഈദ് ഗാഹുകൾ നടക്കും. കുട്ടികളും മുതിർന്നവരും പരസ്‌പരം ഈദ് മുബാറക് ആശംസിക്കും. ചെറിയ പെരുന്നാൾ വിശ്വാസികൾക്ക് ആത്മീയ സന്തോഷവും സാമൂഹിക ഐക്യവും പ്രദാനം ചെയ്യുന്ന ഒരു ഉത്സവമാണ് ചെറിയ പെരുന്നാള്‍. റമദാനിലെ ഉപവാസത്തിൻ്റെ ഫലമായി ദൈവത്തോട് അടുപ്പം വർധിപ്പിക്കുകയും, സമൂഹത്തിലെ ദരിദ്രർക്കും അനാഥർക്കും സഹായം നൽകുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.