National
കന്യാസ്‌ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടപെട്ട് ഛത്തീസ്‌ഗഡ് വനിതാ കമ്മീഷൻ

റായ്‌പൂർ: കന്യാസ്‌ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടപെട്ട് ഛത്തീസ്‌ഗഡ് വനിതാ കമ്മീഷൻ. ഇരകളുടെ പരാതിയിൽ പ്രത്യേകം എഫ്‌ഐആറുകള്‍ രജിസ്‌റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ കിരൺമയി നായക് പൊലീസ് ഡയറക്‌ടർ ജനറൽ അരുൺ ദിയോ ഗൗതമിന് കത്തെഴുതി.മനുഷ്യക്കടത്ത് ആരോപിച്ച് അറസ്‌റ്റു ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള കന്യാസ്‌ത്രീകള്‍ ശാരീരികമായ അതിക്രമവും ജാതീയാധിക്ഷേപവും നേരിട്ടതായി പരാതി നൽകിയിരുന്നു. മൂന്ന് പരാതികളിലും 15 ദിവസത്തിനുള്ളിൽ പ്രത്യേകം പ്രത്യേകം എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്യണമെന്നും എത്രയും വേഗം കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിപിയോട് നിർദേശിച്ചു.നിശ്ചിത സമയത്തിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ, ഇരകൾക്ക് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എൻഎച്ച്ആർസി) സമീപിക്കുമെന്നും പറഞ്ഞു.'ഈ വർഷം ജൂലൈയിൽ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് മൂന്ന് ബജ്‌റംഗ്‌ദൽ പ്രവർത്തകർ തങ്ങളെ ശാരീരികമായി ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മൂന്ന് കന്യാസ്ത്രീകൾ സമീപിക്കുകയുണ്ടായി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കേസിൽ മൂവരും ഇരകളാണ്' എന്ന് ഛത്തീസ്‌ഗഡ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ കിരൺമയി നായക് പറഞ്ഞു.ഈ വിഷയത്തിൽ ഇതുവരെ മൂന്ന് ഹിയറിങുകൾ നടന്നെങ്കിലും നോട്ടിസ് നൽകിയിട്ടും പ്രതികൾ കമ്മീഷനു മുന്നിൽ ഹാജരായിട്ടില്ല. കമ്മിഷന് മുമ്പാകെ പ്രതികളെ എത്തിക്കുന്നതിൽ പൊലീസ് സൂപ്രണ്ട് പോലും തുടർച്ചയായ അനാസ്ഥ കാണിച്ചു എന്നും അവർ ആരോപിച്ചു. സംഭവം ജിആർപി പൊലീസ് സ്‌റ്റേഷൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ (ഡിആർഎം) അധികാരപരിധിയിലാണെന്ന് ദുർഗ് എസ്‌പി വാദിച്ചപ്പോള്‍, സംസ്ഥാന പൊലീസ് നിയന്ത്രണത്തിലാണെന്ന് ഡിആർഎം ഓഫിസ് പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.