ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും

ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയമാണ് ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന് ശിപാർശ നൽകിയത്. നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം നടക്കുന്നത്.കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2011 ഏപ്രിൽ 13ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഈ വർഷം ഓഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്‌റ്റിസ് ആയി നിയമിക്കപ്പെട്ടത്. 2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്. മഹാരാഷ്‌ട്ര സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് ചീഫ് ജസ്‌റ്റിസായി കേരളത്തിൽ ചുമതലയേറ്റത്.1965 ജൂലൈ 27ന് കൊല്‍ക്കത്തയില്‍ ജനിച്ച സൗമെന്‍ സെൻ്റെ സ്‌കൂള്‍ വിദ്യാഭ്യാസം സെൻ്റ് ലോറന്‍സ് ഹൈസ്‌കൂളിലായിരുന്നു. 1990ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ചു. സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് അഡ്വക്കേറ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍, ഭരണഘടന, ബാങ്കിങ്, ആര്‍ബിട്രേഷന്‍ കേസുകളിലും ആര്‍ബിഐ, സെബി, സിഡ്ബി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും കോടതികളില്‍ ഹാജരായിട്ടുണ്ട്.
മറ്റ് നിയമനങ്ങൾ
വിരമിക്കൽ, സ്ഥലംമാറ്റം എന്നിവ മൂലമുണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിനായി അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്. ഇന്ന് ചേർന്ന (2025 ഡിസംബർ 18 വ്യാഴാഴ്ച) കൊളീജിയം യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കേന്ദ്രസർക്കാരിൻ്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും നിയമനങ്ങൾ നടക്കുക. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മനോജ് കുമാർ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശിപാർശ ചെയ്തു. 2026 ജനുവരി ഒമ്പതിന് നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കുന്ന ഒഴിവിലേക്കാണിത്.
ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രേവതി പി മോഹിതെ ദേരെയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശിപാർശ ചെയ്തു. മേഘാലയ ചീഫ് ജസ്റ്റിസിനെ കേരളത്തിലേക്ക് സ്ഥലം മാറ്റുന്ന ഒഴിവിലേക്കാണ് ഈ നിയമനം. ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എംഎസ് സോനക്കിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശിപാർശ ചെയ്തു. 2026 ജനുവരി എട്ടിന് നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കുന്ന ഒഴിവിലേക്കാണിത്. കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശിപാർശ ചെയ്തു. ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സംഗം കുമാർ സാഹുവിനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയർത്താനും കൊളീജിയം നിർദേശിച്ചു.