വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

വയനാട്  മാതൃകാ ടൗൺഷിപ്പ്  ഒന്നാംഘട്ടത്തിൻ്റെ   ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ   ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച അത്യാധുനിക ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിച്ചു. നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവുമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയത്. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ അതിജീവനത്തിൻ്റെ കേരള മാതൃകയെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തി. "ഒറ്റ രാത്രികൊണ്ട് ഒരു നാട് തന്നെ ഇല്ലാതായ വലിയ യാതനയിൽ നിന്നാണ് നമ്മൾ ഈ അതിജീവനം കെട്ടിപ്പടുത്തത്" അദ്ദേഹം പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങളെയും സ്വന്തം വീടുകളിലേക്ക് മാറ്റുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി.ടൗണ്‍ഷിപ്പിൻ്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ആദ്യഘട്ട ഗുണഭോക്താക്കളായി 178 കുടുംബങ്ങള്‍. അവര്‍ക്ക് അവരുടെ ഭൂമിയുടെ പട്ടയം നല്‍കുകയാണ്. ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കും ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ വീട് കൈമാറുന്നതായിരിക്കും. അവരുടെ വീടുകളുടെ പണിയും അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. അടുത്ത മഴക്കാലത്തിനു മുന്‍പ് മുഴുവന്‍ ദുതന്തബാധിതര്‍ക്കും സ്വന്തം വീടും ഭൂമിയും നല്‍കി പുനരധിവസിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇപ്പോള്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യം ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യജ്ഞം എന്നതാണ്. അപ്രതീക്ഷിതമായി ഒറ്റ രാത്രികൊണ്ട് ഒരു നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുന്ന അവസ്ഥ, ജീവനോപാധികള്‍ ഇല്ലാതാകുന്ന നില, ശാരീരികമായ അവശതകള്‍ ഏറ്റുവാങ്ങേണ്ടി വന്നവര്‍ അങ്ങനെ ഒട്ടേറെ യാതനകള്‍ അനൂഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവച്ചത്. ഏതു നാടും പകച്ചു നിന്നു പോകുന്ന ഘട്ടമാണ്. ആ ഒരു അവസ്ഥയില്‍ നിന്നാണ് നമ്മള്‍ ആരംഭിക്കുന്നത്. മരുന്ന് പല രോഗങ്ങള്‍ക്കും പരിഹാരമാണ്. പക്ഷേ മാനസികമായ വേദനകള്‍ക്ക് പരിഹാരമല്ല. ആ വേദനകളില്‍ പരസ്പരം ആശ്വാസമാകാന്‍ കഴിയും. പല നഷ്ടങ്ങളും നികത്താന്‍ നമുക്ക് ആകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിൻ്റെ ആഘാതത്തില്‍നിന്ന് പതിയെ പുറത്തുവരാന്‍ സഹായിക്കാന്‍ കഴിയും. അതൊക്കയാണ് മനുഷ്യത്വത്തിൻ്റെ സവിശേഷത. ആ സവിശേഷതയാണ് മുണ്ടക്കൈ ചൂരല്‍മല അതിജീവനത്തില്‍ കാണാന്‍ കഴിഞ്ഞത്. സ്നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ, പാരസ്പര്യത്തിൻ്റെ കേരള മാതൃക ഒരിക്കല്‍ക്കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു ഈ അതിജീവനം. ഇവിടെ തടസങ്ങള്‍ ഏറെ ഉണ്ടായി. വ്യാജപ്രചരണം മുതല്‍ കേന്ദ്രസഹായ നിഷേധം വരെ. ദുരന്ത ബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറൊരു ഭാഗത്തു നടന്നു.

ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ കണക്കനുസരിച്ച് 402 കുടുംബങ്ങളിലെ 1662 പേരാണ് ഇവിടെ താമസിക്കുക. ടൗണ്‍ഷിപ്പ് കൊണ്ട് വിഭാവനം ചെയ്തത് ആളുകള്‍ക്ക് കുറച്ച് വീടുകള്‍ നിര്‍മിച്ചു കൊടുക്കുക എന്നതു മാത്രമല്ല, അവരെ കൂടുതല്‍ മെച്ചപ്പെട്ട ആവാസവ്യവസ്ഥയിലേക്ക് െത്തിക്കുക എന്നത് സര്‍ക്കാരിൻ്റെ ലക്ഷ്യമായിരുന്നു. നഷ്ടപ്പെട്ടതിനെക്കാള്‍ മെച്ചപ്പെട്ടതാക്കുക അതാണ് ദുരന്ത നിവാരണത്തിൻ്റെ അടിസ്ഥാന തത്വം. അത് പാലിക്കപ്പെടുന്ന രീതിയിലാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്യുന്നത്. ഇവിടെ വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാള്‍, ഡിസാസ്റ്റര്‍ ഷെല്‍റ്റര്‍, ഫുട്ബോള്‍ ഗ്രൗണ്ട്, ഡിസാസ്റ്ററ്റര്‍ മെമ്മോരിയല്‍, കടമുറികള്‍,ഭൂഗര്‍ഭ വൈദ്യുതി ശൃംഖല, ഓരോ വീടിനും സോളാര്‍ പവര്‍ പ്ലാൻ്റ്, ഡ്രയിനേജ് സംവിധാനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

അഞ്ച് സോണുകളായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തത്. 35 ക്സസ്റ്ററുകളായാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീന്‍ സ്പേസ് നടുമുറ്റമുണ്ട്. ഈ നടുമുറ്റത്തിനു ചുറ്റും അഞ്ചര മീറ്റര്‍ വീതിയില്‍ റോഡ്. ഈ റോഡിനെ ഫെയ്സ് ചെയ്താണ് ഓരോ ക്ലസ്റ്ററിലെയും വീടുകളുള്ളത്. ഗ്രീന്‍ സ്പേസ് മുതിര്‍ന്നവര്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്നതിന് ഉപകരിക്കും.

പുനരധിവാസത്തെ വൈരാഗ്യ ബുദ്ധിയോടെ ചിലർ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നൽകി. കർണാടക , ആന്ധ്ര സർക്കാരുകള്‍ 10 കോടി വീതം നൽകി. രാജസ്ഥാൻ അഞ്ചു കോടി നൽകി. കേന്ദ്രസർക്കാർ കടം എഴുതി തള്ളാൻ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാൻ പല തവണ സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്‍റെ നിർമാണ പ്രവർത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൽപ്പറ്റയിലെ സർക്കാർ സ്കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എല്ലാ വീടിനും ഫർണിച്ചർ കൂടി നൽകുന്നത് പരിഗണിക്കുന്നുണ്ട്.പലരീതിയിലുള്ള വെല്ലുവിളികള്‍ക്കൊടുവിൽ പുഞ്ചിരിമട്ടത്തെ ജനങ്ങൾക്ക് പുഞ്ചിരി തൂകാൻ ഒരു മുറ്റം യാഥാർഥ്യമാകുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തെ കഴുത്ത് ഞെരിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. തെരഞ്ഞെടുപ്പ് വന്നാലും ഒരു ദിവസം പോലും പണി മുടങ്ങില്ല. പിണറായി വിജയന്‍റെ ഇച്ഛാ ശക്തി കൊണ്ടാണ് ഈ നിലയിൽ പുനരധിവാസം നടന്നത്. ഭൂമി ഏറ്റെടുത്തപ്പോൾ കോടതി വ്യവഹാരങ്ങളിലേക്ക് കടന്നതാണ് ടൗൺ ഷിപ് വൈകാൻ കാരണമായത്. കല്ല് മാത്രം ഇട്ടു പോകുന്നവരല്ല ഞങ്ങൾ. കല്ലിട്ടാൽ അതിന്‍റെ മേലെ കല്ല് കെട്ടി അത് വീട് ആക്കുന്നവരാണ്. വിമർശനങ്ങൾ വന്നപ്പോളൊന്നും സർക്കാർ കുലുങ്ങിയില്ലെന്നും കെ രാജൻ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.