ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതിയിൽ കുട്ടിക്ക് അവകാശം: ബോംബെ ഹൈക്കോടതി

മുംബൈ: ദത്തെടുക്കുന്ന കുട്ടിക്ക് ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതിയിൽ അവകാശമുണ്ടെന്നും അതിനനുസരിച്ചുള്ള എല്ലാ നിയമപരമായ അവകാശങ്ങൾ ലഭിക്കണമെന്നും ബോംബെ ഹൈക്കോടതി. പൂനെ ജില്ലാ ജാതി സർട്ടിഫിക്കറ്റ് പരിശോധനാ സമിതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് മകരന്ദ് കാർണിക്, ജസ്റ്റിസ് ശ്രീറാം മോദക് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതി അടിസ്ഥാനമാക്കി നാല് ആഴ്‌ചയ്ക്കുള്ളിൽ ദത്തെടുക്കുന്ന കുട്ടിക്ക് പുതിയ ജാതി സർട്ടിഫിക്കറ്റ് നൽകാനും നിർദ്ദേശിച്ചു.
ദത്തെടുക്കലിൻ്റെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, ദത്തെടുക്കപ്പെട്ട കുട്ടി ജൈവ മാതാപിതാക്കളിൽ നിന്ന് ശാശ്വതമായി വേർപിരിയുകയും ദത്തെടുക്കുന്ന മാതാപിതാക്കളുടെ എല്ലാ അവകാശങ്ങൾക്കും, പ്രത്യേകാവകാശങ്ങൾക്കും, നിയമപരമായ പദവിക്കും അർഹതയുണ്ടാകുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്‌ടിന് കീഴിൽ ഈ വ്യവസ്ഥകൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നും ജാതി സർട്ടിഫിക്കറ്റ് കമ്മിറ്റി ഈ നിയമപരമായ വ്യവസ്ഥകൾ പരിഗണിച്ചിട്ടില്ലെന്നും ബെഞ്ച് സൂചിപ്പിച്ചു.ദത്തെടുക്കുന്ന കുട്ടിയുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് കുട്ടിയുടെ ഭാവിയെ അപകടത്തിലാക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. " ദത്തെടുക്കൽ പ്രക്രിയ നിയമപരമാക്കുന്നതിൻ്റെ ഉദ്ദേശ്യം തന്നെ ദത്തെടുക്കുന്ന മാതാപിതാക്കൾക്ക് ലഭ്യമായ എല്ലാ അവകാശങ്ങളും സംരക്ഷണങ്ങളും കുട്ടിക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്," കോടതി വിധിന്യായത്തിൽ പറഞ്ഞു..