കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെ വിട്ടു

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെ വിട്ടു

കണ്ണൂർ : തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ശരണ്യയുടെ കാമുകൻ രണ്ടാംപ്രതി നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിക്കുള്ള ശിക്ഷ ജനുവരി 21ന്  വിധിക്കും.

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.2020 ഫെബ്രുവരി 17-നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഒരു തിരോധാനമായി കരുതിയ കേസ്, മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.തയ്യിൽ സ്വദേശികളായ ശരണ്യയുടെയും പ്രണവിന്റെയും മകനായിരുന്നു വിയാൻ. സംഭവ ദിവസം പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ തന്നെയായിരുന്നു പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇടയാക്കി. കാമുകനോടൊപ്പം ജീവിക്കാൻ കുഞ്ഞ് ഒരു തടസമാകുമെന്ന് കരുതി അമ്മയായ ശരണ്യ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.പുലർച്ചെ രണ്ട് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കടൽഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിലേക്ക് ശരണ്യ വലിച്ചെറിയുകയായിരുന്നു. ആദ്യത്തെ വീഴ്ചയിൽ തന്നെ കുഞ്ഞിന് മാരകമായി പരുക്കേറ്റു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാൻ രണ്ടാമതും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞതായി ശരണ്യ പിന്നീട് പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം തിരികെ വീട്ടിലെത്തിയ ശരണ്യ, കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയി എന്ന രീതിയിൽ വരുത്തിത്തീർക്കാനും ശ്രമം നടത്തി. കേസിൽ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.