പവായിയിൽ ആർഎ സ്റ്റുഡിയോയിലെ വിദ്യാർത്ഥികളെ ബന്ദികളാക്കി സ്റ്റുഡിയോ ജീവനക്കാരൻ

മുംബൈ: പാവായിൽ അഭിനയം പഠിപ്പിക്കുന്ന ആർഎ ഒരു സ്റ്റുഡിയോയിൽ ഇന്ന് പട്ടാപകൽ ഇരുപതോളംപേരെ ബന്ദികളാക്കിയ ആളെ പോലീസ് അറസ്റ്റു ചെയ്തു.സംഭവം അറിഞ്ഞയുടനെ എത്തിയ പോലീസിനു ബന്ദികളാക്കിയ എല്ലാ കുട്ടികളെയും രക്ഷപ്പെടുത്താനും പ്രതിയെ പിടികൂടാനും സാധിച്ചു .പതിവായി അഭിനയ ക്ലാസുകൾ നടക്കുന്ന സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുട്ടികളെ ബന്ദികളാക്കിയതായി ആരോപിക്കപ്പെടുന്നയാൾ സ്റ്റുഡിയോയിലെ ജീവനക്കാരനും ഒരു യൂട്യൂബ് ചാനൽ നടത്തുന്നതുമായ രോഹിത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ വിദ്യാർത്ഥികളെ ബന്ദികളാക്കിയ ശേഷം സാമൂഹ്യ മാധ്യമത്തിലൂടെ "താൻ ഭീകരവാദിയല്ല എന്നും പണത്തിനു വേണ്ടിയല്ല ഇത് ചെയ്തതെന്നും ,ചില കാര്യങ്ങൾ തനിക്കു തുറന്നു പറയാനുണ്ട് എന്നും പറഞ് വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട് .
സ്റ്റുഡിയോയിൽ വിദ്യാർത്ഥികളെ ബന്ദികളാക്കിയത് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പവായ് പോലീസിലെ സീനിയർ ഇൻസ്പെക്ടർ ജീവൻ സോനാവാനെ പറഞ്ഞു. തന്റെ ചില പ്രശ്‌നങ്ങളെക്കുറിച്ച് മഹാരാഷ്ട്ര മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കറുമായി സംസാരിക്കാൻ പ്രതി ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റുഡിയോയ്ക്കുള്ളിൽ 20 ഓളം പേരെ ബന്ദികളാക്കിയിരുന്നെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ക്രമസമാധാനം) സത്യനാരായണൻ പറഞ്ഞു. പ്രതി മാനസികരോഗിയാണെന്ന് തോന്നുന്നുവെന്നും തോക്ക് പോലുള്ള ആയുധം കൈവശം വച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉച്ചകഴിഞ്ഞ് 3 മണിയോടെ പോലീസിൽ നിന്ന് കോൾവന്നതായി മുംബൈ ഫയർ ബ്രിഗേഡിലെ സ്റ്റേഷൻ ഓഫീസർ അഭിജിത് സോനാവാനെ പറഞ്ഞു. “ഞങ്ങൾ ഞങ്ങളുടെ ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രില്ലുകൾ തുറന്ന് പോലീസിന് പ്രവേശനം നൽകി. അവർ അകത്ത് പ്രവേശിച്ചു, ഇപ്പോൾ എല്ലാവരെയും രക്ഷപ്പെടുത്തി.”