പ്രധാനമന്ത്രിയുമായുള്ള സഭാനേതൃത്വത്തിൻ്റെ കൂടിക്കാഴ്ച ; വിമർശനവുമായി അൽമായ മുന്നേറ്റം

പ്രധാനമന്ത്രിയുമായുള്ള സഭാനേതൃത്വത്തിൻ്റെ കൂടിക്കാഴ്ച ;  വിമർശനവുമായി അൽമായ മുന്നേറ്റം

എറണാകുളം:  പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗൗരവമായ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്ന് സിറോ മലബാർ സഭാ വക്താവ് ഫാദർ ടോം ഓലിക്കരോട്ട്. അഞ്ച് മിനിറ്റിലൊതുങ്ങിയ  സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും പ്രധാനമന്ത്രിക്ക് മറ്റ് പരിപാടികളിൽ പങ്കെടുക്കാനുണ്ടായിരുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.അതേസമയം, സഭാ നേതൃത്വൻ്റെ  കൂടിക്കാഴ്ച നിരാശാജനകമാണെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റം പ്രതികരിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭ ബിജെപിയോടൊപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ബിജെപി നടത്തിയ നാടകമാണിത്. സഭാ നേതൃത്വം ഇതിൽ തലവച്ച് കൊടുക്കുകയായിരുന്നുവെന്ന് അൽമായ മുന്നേറ്റത്തിൻ്റെ വക്താവ് രിജു കാഞ്ഞൂക്കാരൻ പറഞ്ഞു.ഉത്തരേന്ത്യയിൽ ക്രിസ്തുമത വിശ്വാസികൾക്കും പുരോഹിതൻമാർക്കുമെതിരെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങളിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാൻ സഭാ നേതൃത്വം തയ്യാറാകേണ്ടതായിരുന്നു. അഞ്ച് മിനിറ്റ് സംസാരിക്കാനാണോ ബിജെപി നേതാക്കൾ ഉൾപ്പെടെ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പോയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സമയം കിട്ടാത്തതിനാൽ പ്രധാനമന്ത്രിയോട് മറ്റ് വിഷയങ്ങൾ സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് മെത്രാൻമാർ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യരീതിയിൽ പ്രതിഷേധം അറിയിക്കുകയും നിയമനടപടികളുമായി മുന്നോട്ട് പോവുകയുമാണ് സഭാ നേതൃത്വം ചെയ്യേണ്ടത് . സഭാ നേതൃത്വത്തിലുള്ള മെത്രാൻമാർ കേന്ദ്ര സർക്കാറിനെ ഭയപ്പെടുന്നതിനാലാണ് പല വിഷയങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കാൻ തയ്യാറാവാത്തതെന്നും അദ്ദേഹം ആരോപിച്ചു. കൈകൾ ശുദ്ധമെങ്കിൽ കേന്ദ്ര സർക്കാറിനെ സഭാ നേതൃത്വം എന്തിന് ഭയപ്പെടണമെന്നും അദ്ദേഹം ചോദിച്ചു.രാജ്യത്തെ ക്രിസ്ത്യൻ സമുദായം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് സഭാ നേതൃത്വം നഷ്ടപ്പെടുത്തിയത്. സഭാ നേതൃത്വത്തിൻ്റെ ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ തിരുത്തൽ ശക്തിയായി വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റം മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ദിവസം സംഘടന യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരോടൊപ്പം  കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, അനൂപ് ആൻ്റണി, ഷോൺ ജോർജ് എന്നിവരാണ് പ്രധാനമന്ത്രിയുമായുള്ള  കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നത് .കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ വിശ്വാസികളെയും പാസ്റ്റർമാരെയും വിലക്കി ബോർഡ് സ്ഥാപിച്ച സംഭവത്തിൽ സഭയ്ക്ക് വലിയ ആശങ്കയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനുശേഷമുള്ള സഭാ നേതൃത്വത്തിൻ്റെ പ്രധാനമന്ത്രിയുമായുള്ള നേരിട്ടുള്ള ചർച്ചയ്ക്ക് പ്രാധാന്യം കൽപിച്ചിരുന്നെങ്കിലും, ഫോട്ടോയെടുത്ത് ചായ കുടിച്ച് പിരിഞ്ഞുവെന്ന വിമർശനമാണ് അൽമായ മുന്നേറ്റം ഉൾപ്പെടെ ഉയർത്തുന്നത്.

സഭാ നേതൃത്വം പ്രധാനമന്ത്രിയോട് സഭ നേരിടുന്ന ആശങ്കകൾ പരിഹരിക്കാൻ ആവശ്യപ്പെടുമോയെന്നാണ് വിശ്വാസികൾ ഉൾപ്പെടെ ഉറ്റുനോക്കിയിരുന്നതെങ്കിലും, പ്രതീഷ നൽകുന്നതൊന്നും അവർക്ക് ലഭിച്ചില്ല.

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലും, സഭയെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ സംസ്ഥാന ബിജെപി നേതൃത്വം നാളുകളായി തുടരുകയായിരുന്നു. ഇതിനിടയിൽ ഉത്തരേന്ത്യയിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങൾ വിശ്വാസികളെ സംഘപരിവാർ സംഘടനകൾക്കെതിരെ നിലപാട് എടുക്കാൻ പ്രേരിപ്പിച്ചു. ഇതോടെയായിരുന്നു സഭാ നേതൃത്വം ബിജെപിയുമായുള്ള അകലം തുടരാൻ തീരുമാനിച്ചത്. ഈയൊരു സാഹചര്യത്തിൽ പ്രധാനമന്ത്രിയും സഭാ നേതൃത്വവും കൂടിക്കാഴ്ച നടത്തിയത് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. 

ഛത്തീസ്ഗഡിലെ എട്ട് ഗ്രാമങ്ങളിൽ ക്രിസ്തീയ പുരോഹിതൻമാർക്കും പരിവർത്തന ക്രിസ്ത്യാനികൾക്കും പ്രവേശനമില്ലെന്ന് ബോർഡ് സ്ഥാപിച്ചത് സഭയുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഒരു കൂട്ടം ആളുകളെ രണ്ടാം തരം പൗരൻമാരായി അടയാളപ്പെടുത്തുന്ന സൈൻ ബോർഡ്  വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിഭജന അതിർത്തിയായാണ്  ഒരു വിഭാഗം ക്രിസ്തുമത വിശ്വാസികൾ കണ്ടത്. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികളെയും നിരോധിക്കുന്ന ഈ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ, സ്ഥാപനവൽക്കരിക്കപ്പെട്ട വർഗീയതയുടെ ഒരു പുതിയ രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നുവെന്ന് സഭാ നേതൃതം കഴിഞ്ഞ ദിവസം തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.

https://www.worldm.news/latest-news/syro-malabar-church--11737