ഗർഭിണിയെ പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവം; സിഐ പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തു

ഗർഭിണിയെ പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവം; സിഐ പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തു

എറണാകുളം: ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒന്നര വർഷം മുൻപ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ നിയമപോരാട്ടത്തിനൊടുവിലാണ് പുറത്തുവന്നത്.

മർദനമേറ്റ കൊച്ചി സ്വദേശി ഷൈമോൾ നടത്തിയ പോരാട്ടത്തിനൊടുവിലാണ് പൊലീസ് സ്റ്റേഷനിലെ ക്രൂരതയുടെ ദൃശ്യങ്ങൾ ലഭിച്ചത്. സ്റ്റേഷനിൽ എസ്എച്ച്ഒ മർദിക്കുന്ന ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. 2024 ജൂൺ 20നായിരുന്നു കേസിനാസ്‌പദമായ സംഭവം. മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പൊതുസ്ഥലത്തുവച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ബെഞ്ചമിൻ ഫോണിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭർത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയതായിരുന്നു ഷൈമോൾ.ക്രൂരമർദനം

സ്റ്റേഷനിലെത്തിയ യുവതിയുമായി എസ്ഐ പ്രതാപചന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ബലപ്രയോഗം നടത്തുകയുമായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗർഭിണിയായിരുന്ന തന്നെ വനിത പൊലീസ് നിൽക്കെ പുരുഷ പൊലീസ് മർദിച്ചെന്നും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും എസ്എച്ച്ഒ പ്രതാപചന്ദ്രനെ പരാതിക്കാരി മർദിക്കുകയും ചെയ്തുവെന്നായിരുന്നു പൊലീസ് ആദ്യം ഉന്നയിച്ചിരുന്ന ആരോപണം. എന്നാൽ ഇതെല്ലാം വ്യാജമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങൾ. സംഭവം വിവാദമായതോടെ ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടുകയും കർശന നടപടിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

പ്രതാപചന്ദ്രൻ്റെ വിശദീകരണം

എന്നാൽ ആരോപണങ്ങളെ എസ്എച്ച്ഒ പ്രതാപചന്ദ്രൻ നിഷേധിച്ചു. ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും കുഞ്ഞുങ്ങളെ താഴെയെറിയാൻ ശ്രമിച്ചതായും സിഐ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത ഭർത്താവിനെ വിട്ടുകിട്ടിയില്ലെങ്കിൽ കുഞ്ഞുങ്ങളെ കൊന്ന് താനും മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ വനിത പൊലീസുകാരെ തള്ളിമാറ്റിയപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞുങ്ങളെ രക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടെ തൻ്റെ നെഞ്ചിൽ തള്ളിയെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തി. കൈക്കുഞ്ഞുമായി നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ ക്രൂരമായി മർദിച്ച പൊലീസുകാരനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ നീതി തേടിയെത്തിയ നിരാലംബയായ സ്ത്രീയെ മർദിക്കുന്നത് പ്രാകൃത സമൂഹങ്ങളിൽ പോലും കാണാത്തതാണ്. പിണറായിയുടെ ഭരണത്തിൽ എന്തും ചെയ്യാമെന്ന അഹന്തയാണ് പൊലീസിനെ നയിക്കുന്നത്. ജനങ്ങളുടെ അഭയകേന്ദ്രമായ സ്റ്റേഷനുകളിൽ ക്രിമിനലുകളെ നിറയ്ക്കുന്നതിൻ്റെ പ്രത്യാഘാതമാണിത്. സിപിഎം നേതാക്കൾ നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആരോടും ബാധ്യതയില്ലാത്ത അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയൻ എന്ന് ഈ സംഭവം അടിവരയിടുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.