"സിയാൽ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കും" : മുഖ്യമന്ത്രി

എറണാകുളം: എയ്റോ പാർക്കിലൂടെ വ്യോമയാന മേഖലയിൽ വൻ വികസനത്തിനൊരുങ്ങി സിയാൽ. എയ്റോ പാർക്ക് ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാം ഘട്ടവും എയ്റോ സിറ്റി ഉൾപ്പെടുന്ന മൂന്നാം ഘട്ടവും ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ഏതൊരു വികസനത്തിൻ്റെയും വിജയം. വിമാനത്താവളത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒപ്പം കാലാനുസൃത മാറ്റം ഭംഗിയായി നിർവഹിക്കാൻ സിയാലിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തു വർഷക്കാലമായി നടപ്പിലാക്കി വരുന്ന വികസന കാഴ്ചപ്പാടുകൾ നാടിൻ്റെ മുഖച്ഛായ മാറ്റുന്നത് എങ്ങനെ എന്നതിൻ്റെ നേർചിത്രമാണ് സിയാൽ. നാടിൻ്റെ വ്യവസായ സാമ്പത്തിക വളർച്ചയുടെ കരുത്തുറ്റ കേന്ദ്രമാണ് വിമാനത്താവളം എന്ന് സിയാലിലൂടെ കേരളം ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.എയ്റോ പാർക്ക് പദ്ധതി
ഏവിയേഷൻ സംബന്ധമായ അറ്റകുറ്റപ്പണികൾ, ട്രെയിനിങ്, ടെക്നിക്കൽ സപ്പോർട്ട് സർവീസുകൾ എന്നിവയ്ക്കായുള്ള ഒരു പ്രത്യേക മേഖലയായാണ് എയ്റോ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എംആർഒ വിഭാഗങ്ങൾക്കും പുറമെ 101 കോടി രൂപയുടെ പുതിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിമാന അറ്റകുറ്റപ്പണികൾ, പാർക്കിങ്, എൻജിൻ സ്റ്റോറേജ്, ട്രെയിനിങ് ഹാളുകൾ, ക്ലാസ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിലുണ്ട്. കൂടാതെ എയ്റോ പാർക്കിൽ നിന്ന് എയർപോർട്ട് ഓപ്പറേഷണൽ ഏരിയയിലേക്കും സിറ്റി സൈഡിലേക്കും കണക്റ്റിവിറ്റിയും ഒരുക്കിയിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ നേരിട്ട് രണ്ടായിരത്തോളം പേർക്കും അതിൻ്റെ മൂന്നിരട്ടി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഒരു പ്രത്യേക സാമ്പത്തിക മേഖലയുടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു കേന്ദ്രമായി എയ്റോ പാർക്ക് മാറും.
പുതിയ സൗകര്യങ്ങൾ
എയ്റോ പാർക്കിൽ പുതിയതായി ചേർത്ത 40,000 ചതുരശ്ര അടിയിൽ 30 കോടി രൂപ ചെലവഴിച്ച് നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്റർ, എയർസൈഡ് ഓപ്പറേഷൻസിൻ്റെ സുരക്ഷയ്ക്കായുള്ള 13 കോടിയുടെ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, അഗ്നിശമന സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനുള്ള രണ്ട് കോടി ചെലവിൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. കൂടാതെ 45 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൂന്നാമത്തെ ഹാങ്ങർ നിർമാണം പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം വ്യോമയാന സുരക്ഷാ പരിശീലനത്തിനായി എട്ട് കോടി രൂപയുടെ ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് ഫെസിലിറ്റി, ഇന്ത്യയിലാദ്യമായി ഒരു വിമാനത്താവളത്തിനുള്ളിൽ മൂന്ന് കോടി രൂപ ചെലവിൽ നിർമിക്കുന്ന അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിങ് ഫെസിലിറ്റി എന്നിവയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.