മണിപ്പൂരില്‍ വീണ്ടും സംഘർഷം :കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇംഫാല്‍: വീടുകള്‍ അഗ്നിക്കിരയായ സംഭവത്തിന് പിന്നാലെ മണിപ്പൂര്‍ ഉഖ്രുലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രിയാണ് ഉഖ്രുല്‍ ഗ്രാമത്തിലെ വീടുകളില്‍ അക്രമി സംഘം തീയിട്ടത്. നിലവില്‍ മണിപ്പൂരിലെ സ്ഥിതി സംഘര്‍ഷഭരിതമാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സ്ഥിതിഗതികള്‍ നേരത്തേക്കാള്‍ ശാന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവില്‍ സുരക്ഷാ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ലിറ്റാൻ പൊലീസ് സ്റ്റേഷനിൽ ഒരു സംയുക്ത കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നിലവില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിരവധി പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലങ്ങളിലെല്ലാം സുരക്ഷാ സേനയുടെ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ നടത്തിയ തെരച്ചിലില്‍ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു: കഴിഞ്ഞ ദിവസം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്‌ഡാം ഗ്രാമത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശമായ ചെങ്‌ജെലില്‍ നടത്തിയ ഓപ്പറേഷനില്‍ 303 റൈഫിൾ, ഒരു മാഗസിൻ, 12-ബോർ സിംഗിൾ-ബാരൽ തോക്കുകൾ, 9 എംഎം പിസ്റ്റളുകൾ, 36 ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. മാത്രമല്ല ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിംഗ്‌ജമൈയില്‍ അടുത്തിടെ ബോംബ് സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ലൈഷ്‌റാം ബുലു സിങ് (39), പുയാമച്ച ഡേവിഡ് (22), നിങ്‌തൗജം ചലംബ സിങ് (29) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും ഒരു ഫോര്‍ വീലര്‍ വാഹനം, ഒരു മാഗസിൻ, വെടിയുണ്ടകൾ, മൂന്ന് മൊബൈൽ ഫോണുകൾ, പണവും ആധാർ കാർഡും അടങ്ങിയ ഒരു വാലറ്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ സംഘര്‍ഷ സാധ്യത മേഖലകളിലായി 115 ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത 37ല്‍ കര്‍ശന പരിശോധനയാണ് തുടരുന്നത്.
പാതയിലൂടെ കടന്ന് പോകുന്ന മുഴുവന്‍ വാഹനങ്ങളിലും കര്‍ശന പരിശോധനയാണ് തുടരുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും വിശ്വസിക്കരുതെന്നും നിര്‍ദേശമുണ്ട്. സോഷ്യല്‍ മീഡിയയിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പട്ടാളഭരണം അവസാനിപ്പിച്ച് മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. ബിജെപി നേതാവ് യുമാൻ ഖേംചന്ദ് സിങ് ആണ് പുതിയ മുഖ്യമന്ത്രി . കുക്കി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആണ് പുതിയ ഉപമുഖ്യമന്ത്രി. ഓൺലൈനായി ദില്ലിയിൽ നിന്നാണ് കിപ് ജെൻ സത്യപ്രതിജ്ഞ ചെയ്തത്. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയും നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രിയുമാണ് മണിപ്പൂരില്‍ പുതിയ സർക്കാർ രൂപീകരിച്ചുള്ള ബിജെപിയുടെ നീക്കം ആശങ്കാജനകമാണെന്നും കുക്കി വിഭാഗം നേതാവ് നൊംചാ കിപ്‌ജെൻ മന്ത്രിസഭയില്‍ ചേര്‍ന്നത് തെറ്റാണെന്നും കുക്കി സംഘടനകൾ പ്രതികരിച്ചിരുന്നു.