ഐഎസ്‌ആർഒയുടെ 'CMS 03' ആശയ വിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ഐഎസ്‌ആർഒയുടെ 'CMS 03' ആശയ വിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ഹൈദരാബാദ്:ഐഎസ്‌ആർഒ വികസിപ്പിച്ച ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03 (GSAT-7R)  ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്  വിക്ഷേപിച്ചു . ഇന്ത്യൻ നാവികസേനയ്ക്ക് മാത്രമുള്ള ഒരു സൈനിക ആശയവിനിമയ ഉപഗ്രഹമായി ഇത് പ്രവർത്തിക്കും.4,410  കിലോഗ്രാമിലധികം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 (CMS 03)  ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുക എന്ന ലക്ഷ്യവുമായാണ് കുതിച്ചുയർന്നത്. ജിയോ സിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിലേക്ക് വിക്ഷേപിക്കപ്പെടുന്നതുമായ CMS 03 ഒരു മൾട്ടി-ബാൻഡ് സൈനിക ആശയവിനിമയ ഉപഗ്രഹമാണ്. 'GSAT-7R' എന്നായിരുന്നു ഇതിന്‍റെ ആദ്യത്തെ പേര്. വിശാലമായ സമുദ്രമേഖലയിലും ഇന്ത്യൻ കരയിലും സേവനങ്ങൾ നൽകാൻ സാധിക്കും. 

ഇത്രയും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹം ഇന്ത്യയിൽ വികസിപ്പിച്ചത് ഇതാദ്യമായാണ്. ജിയോസ്റ്റേഷണറി ട്രാൻസ്‌ഫർ ഓർബിറ്റ് (GTO) ദൗത്യങ്ങൾക്കായുള്ള ഇന്ത്യൻ ഉപഗ്രഹ എഞ്ചിനീയറിങിന്‍റെ മികവിനെ കൂടിയാണ് ഇത് പ്രതിനിധീകരിക്കുന്നത്. 'ബാഹുബലി' എന്നറിയപ്പെടുന്ന എൽവിഎം3- എം5 റോക്കറ്റിലാണ് ഈ ഉപഗ്രഹം സഞ്ചരിച്ചത്. ഭാരമേറിയ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ളതിനാലാണ് ഇതിനെ ബാഹുബലി എന്ന് വിളിക്കുന്നത്. 43.5 മീറ്ററോളം ഉയരമുണ്ട് ലോഞ്ച് വാഹനത്തിന്.നിർണായക സമുദ്ര മേഖലകളിലുടനീളം ഉപഗ്രഹത്തിന്‍റെ പ്രവർത്തന പരിധി ശക്തിപ്പെടുത്താനും ഉയർന്ന ശേഷിയുള്ള ബാൻഡ്‌വിഡ്ത്ത് വാഗ്‌ദാനം ചെയ്യാനും  ഈ ഉപഗ്രഹത്തിന് സാധിക്കും. അതുവഴി വിദൂര പ്രദേശങ്ങളിലേക്കുള്ള ഡിജിറ്റൽ ആക്‌സസ് മെച്ചപ്പെടുത്താനും കഴിയും. സിവിലിയൻ ഏജൻസികളെ സഹായിക്കാനും തന്ത്രപരമായ ആപ്ലിക്കേഷനുകൾ മെച്ചപ്പെടുത്താനും CMS-03 ഉപഗ്രഹത്തിന്‍റെ സഹായം ലഭിക്കും. വോയ്‌സ്, ഡാറ്റ, വീഡിയോ എന്നിവ വഴിയുള്ള ആശയവിനിമയം സുരക്ഷിതവും വേഗത്തിലുമാക്കാൻ ഇത് സഹായിക്കും. മെച്ചപ്പെട്ട കവറേജ് ലഭിക്കുന്നതോടെ ഇത് സമുദ്ര നിരീക്ഷണം വർധിപ്പിക്കുന്നതിനും നാവിക നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. പുതിയ ഉപഗ്രഹം പഴയ ജിസാറ്റ്-7നെ (രുക്‌മിണി ) ഫലപ്രദമായി മാറ്റിസ്ഥാപിക്കും.ചന്ദ്രയാൻ -3 പോലുള്ള ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളിൽ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചത് എൽവിഎം3 റോക്കറ്റിലാണ്.