ആർഎസ്എസ് ശതാബ്ദി യുടെ ഭാഗമായി പ്രധാനമന്ത്രി, ഭാരതമാതാവിൻ്റെ രൂപം ചേർത്ത നാണയമിറക്കിയത് ഭരണഘടനാലംഘനം :സിപിഎം

ന്യൂഡല്‍ഹി: ആര്‍എസ്എസിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റല്‍ സ്റ്റാമ്പും 100 രൂപയുടെ നാണയവും പുറത്തിറക്കിയതിനെതിരെ വിമർശനവുമായി സിപിഎം .പ്രധാനമന്ത്രിയുടെ നടപടി ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആരോപിച്ചു. ആര്‍എസ്എസ് ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. നാണയത്തില്‍ ആര്‍എസ്എസ് 'ഭാരതമാതാവി'ന്‍റെ ചിത്രം ഉൾപ്പെടുത്തിയത് അപലപനീയമാണ് , അത് ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പത്തിന്‍റെ ഭാഗമാണ്. 1963-ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് വളന്‍റിയര്‍മാര്‍ പങ്കെടുത്തുവെന്ന് കാണിക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പ് ചരിത്രത്തെ വളച്ചൊടിക്കുന്നുതാണെന്നും സിപിഎം ആരോപിച്ചു. ഇന്ത്യ-ചൈന യുദ്ധം കാരണം നെഹ്രു ആര്‍എസ്എസിനെ പരേഡിന് ക്ഷണിച്ചു എന്ന വാദം തെറ്റാണ്. ആ പരേഡ് വലിയൊരു ജനസംഗമം മാത്രമായിരുന്നു പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനിന്ന ആര്‍എസ്എസിന്‍റെ പങ്ക് മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്. ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തന്ത്രത്തിന് ശക്തി പകരുകയാണ് ആര്‍എസ്എസ് ചെയ്തത്. ഇന്നും ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മനുവാദി ആശയങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യമിടുന്നത് ആര്‍എസ്എസ് ആണെന്നും പാര്‍ട്ടി ആരോപിച്ചു.
പ്രധാനമന്ത്രി തന്‍റെ പദവി ദുരുപയോഗം ചെയ്യുകയും ആര്‍എസ്എസിന്‍റെ ചരിത്രപരമായ യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ തന്റെ ഭരണഘടനാപരമായ പദവിയുടെ അന്തസ്സ് കുറച്ചു എന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.നേരത്തെ, ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടനയെ പ്രശംസിക്കുകയും രാഷ്ട്ര നിര്‍മ്മാണത്തിന് നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.