മയക്കുരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കോളജ് വിദ്യാർഥിനിയുടെപരാതി

 മയക്കുരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കോളജ് വിദ്യാർഥിനിയുടെപരാതി

ബെംഗളൂരു: കോളജ് വിദ്യാർഥിനിയെ മയക്കുരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിയായ വിദ്യാർഥിനി ബെംഗളൂരുവിൽ പഠിക്കാനെത്തിയതാണ്. ഇവിടെവച്ചാണ് സുഹൃത്തുക്കള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്.സോഷ്യൽ മീഡിയ സുഹൃത്തും അയാളുടെ സഹായിയും മയക്കുമരുന്ന് നല്‍കിയെന്ന് അതിജീവിത മൊഴി നൽകി. പ്രതികളായ ഡിക്‌സൺ സാന്ദ്ര, നിഖില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തു. ഫെബ്രുവരി 14ന് ബെംഗളൂരുവില്‍ ഒരു സ്വകാര്യ വില്ലയിലാണ് സംഭവം നടന്നത്. രണ്ട് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ ബിഎൻഎസ് 2023 ലെ 64, 70(1), 351(2) വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ബെംഗളൂരുവിലെ അമൃതഹള്ളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്. ഡിക്‌സന്‍ തന്നെ ഒരു വില്ലയിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വെച്ച് മയക്കുമരുന്ന് കഴിക്കാൻ നിർബന്ധിച്ചുവെന്നും പരാതിക്കാരി പറഞ്ഞു. തുടർന്ന് അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഡിക്‌സണും നിഖിലും തന്നെ ബലാത്സംഗം ചെയ്‌തുവെന്നും വിദ്യാർഥിനി മൊഴി നൽകി.സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴിനല്‍കി. പശ്ചിമ ബംഗാളി സ്വദേശിയായ ഡിക്‌സനെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഒരു കഫേയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

യുവതി ഫെബ്രുവരി 17 ന് തൻ്റെ സഹോദരനോടൊപ്പം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ്പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പരിശോധിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

അതേസമയം വിദ്യാർഥിനിയുടേത് വ്യാജ ആരോപണങ്ങളാണെന്ന് പ്രതി നിഖിൽ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ ജീവനക്കാരിയാണെന്ന് നടിച്ച് വിദ്യാര്‍ഥി തന്നോട് പണം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. നിഖിൽ വിദ്യാർഥിക്കെതിരെ മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഫെബ്രുവരി 14 ന് വിദ്യാർഥി വില്ലയിൽ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന് നിഖിൽ തൻ്റെ പരാതിയിൽ പറയുന്നു. പാർട്ടിക്ക് ശേഷം രാജാജിനഗറിലെ വാരിയർ ബേക്കറിക്ക് സമീപം വിദ്യാർഥിയെ ഇറക്കിവിട്ടതായി അദ്ദേഹം അവകാശപ്പെട്ടു.പിന്നീട് ഒരു സ്വകാര്യ ചാനലിലെ ജീവനക്കാരൻ്റെ പേരിൽ വിദ്യാർഥി തന്നെ വിളിച്ച് പണം ആവശ്യപ്പെട്ടതായി നിഖിൽ പറഞ്ഞു. എന്നാല്‍ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക കേസുകൾ ഫയൽ ചെയ്‌താണ് അന്വേഷണം ആരംഭിച്ചത്.