യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി പൊക്കി കൊണ്ടുപോയി ; കുമ്പള ടോൾ പ്ലാസയിൽ പൊലീസ് അതിക്രമമെന്ന് പരാതി

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമമെന്ന് പരാതി. ആറ് മാസമുള്ള കുഞ്ഞും ബന്ധുക്കളായ സ്ത്രീകളുമുള്ളപ്പോൾ കാറിൽ നിന്ന് പൊലീസ് വലിച്ചിറക്കിയെന്നാണ് കുമ്പള പൊലീസിനെതിരെ ബോവിക്കാനം സ്വദേശി റിയാസിൻ്റെ പരാതി.
ടോൾ ജീവനക്കാരുമായി യുവാവ് തർക്കത്തിൽ ഏർപ്പെട്ടതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. ടോൾ നൽകിയിട്ടും വാഹനത്തിൽ ടോൾ ബാർ വീണതാണ് ആദ്യം തർക്കത്തിന് കാരണം. പൊലീസ് യുവാവിനെ വലിച്ചിറക്കുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. അതേസമയം കുമ്പള ടോൾ പ്ലാസയിൽ വാഹനം ഒരു വശത്തേക്ക് മാറ്റിനിർത്തി സംസാരിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ടോൾ അധികൃതരുമായുള്ള തർക്കത്തെത്തുടർന്ന് യുവാവ് വാഹനം മാറ്റുകയോ വാഹനത്തിൻ്റെ താക്കോൽ നീക്കം ചെയ്യുകയോ ചെയ്‌തില്ല.ഗതാഗതക്കുരുക്കും മറ്റ് യാത്രക്കാർക്ക് അസൗകര്യവും കാരണം അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്തിറക്കേണ്ടിവന്നതായി പൊലീസ് അറിയിച്ചു. അതിനുശേഷം ആ വ്യക്തിയെയും വാഹനത്തെയും വിട്ടയച്ചുവെന്നും യുവാവിനെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പള പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.ആരിക്കാടി ടോൾ പ്ലാസുമായി ബന്ധപ്പെട്ട കർമസമിതി ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 11-ലേക്ക് മാറ്റിയതോടെ ദേശീയപാത അതോറിറ്റി ബുധനാഴ്‌ച വാഹനങ്ങളിൽ നിന്ന് നേരിട്ട് ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതുവരെ ഫാസ്‌റ്റ്ടാഗ് ഉപയോഗിച്ച് മാത്രമാണ് ടോൾ പിരിവ് നടത്തിയത്. ടോൾ പ്ലാസയ്ക്ക് എതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ടോൾ പിരിവ് ആരംഭിച്ചത്.കഴിഞ്ഞ ദിവസം ദേശീയപാത 66 കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ സ്ത്രീ കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് വനിതാ മാർച്ച് നടത്തി. കുമ്പള നഗരത്തിൽ നിന്നാരംഭിച്ച മാർച്ച് കർമസമിതി ചെയർമാൻ എകെഎം അഷ്‌റഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
കോടതി വിധി നീണ്ടുപോവുകയും ഫാസ്‌റ്റ്ടാഗ് വഴി ടോൾ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 22 കിലോമീറ്റർ ദൂരപരിധിയിലെ അന്യായമായ ടോൾ പിരിവിനെതിരെയാണ് റിപ്പബ്ലിക് ദിനത്തിൽ വനിതകളുടെ പ്രതിഷേധം ഉയർന്നത്. ടോൾ പ്ലാസ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകാൻ കർമസമിതി തീരുമാനിച്ചതിൻ്റെ ഭാഗമായാണ് വനിതാ മാർച്ച് സംഘടിപ്പിച്ചത്.കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾപ്ലാസ നിലവിലിരിക്കേ കേവലം 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ പ്രവർത്തിപ്പിക്കുകയെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ നിയമപോരാട്ടം നടത്തുന്നതോടൊപ്പം ജനകീയ പ്രതിഷേധവും ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.