നരേന്ദ്രമോദി -അമിത്ഷാ കൂട്ടുകെട്ടിൻ്റെ ആക്ഷേപവചനങ്ങൾക്കെതിരെ കോൺഗ്രസ്സ്

നരേന്ദ്രമോദി -അമിത്ഷാ കൂട്ടുകെട്ടിൻ്റെ   ആക്ഷേപവചനങ്ങൾക്കെതിരെ കോൺഗ്രസ്സ്

പറ്റ്ന:   തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ,  മഹാസഖ്യത്തിനെതിരെ  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നേരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ജംഗിള്‍ രാജ്, നാടന്‍ തോക്ക്, ഭീഷണി തുടങ്ങിയ വാക്കുകളാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. രാഷ്‌ട്രീയ ജനതാദള്‍ കോണ്‍ഗ്രസിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തേജസ്വി പ്രസാദ് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നായിരുന്നു പ്രധാനമന്ത്രി ഉയര്‍ത്തിയ വിമര്‍ശനം.മോദി ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുത്. അദ്ദേഹം നിരവധി സര്‍ക്കാരുകള്‍ രൂപീകരിച്ചത് ഇതേ മാര്‍ഗത്തിലൂടെയാണ് എന്നും കോണ്‍ഗ്രസ് ആരോപിച്ചു. എതിരാളികളെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മോദി അധികാരം പിടിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.നാടന്‍ തോക്ക് ചൂണ്ടുന്നുവെന്ന് മോദി പറയുമ്പോള്‍ ഇതേ മാര്‍ഗത്തിലൂടെയാണോ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ കൊണ്ട് ഓരോ ഉത്തരവുകള്‍ തയാറാക്കിക്കുന്നത് എന്നും ഖാര്‍ഗെ ആരാഞ്ഞു. മോദിയടക്കം ആര്‍ക്കും തങ്ങളെ ഭീഷണിപ്പെടുത്താനാകില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.ബിഹാറില്‍ ഐക്യത്തോടെ സര്‍വശക്തിയുമുപയോഗിച്ചാണ് മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ ജനങ്ങളാണ് വിധികര്‍ത്താകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി തങ്ങളുടെ സഖ്യത്തെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. എന്നിട്ടും അദ്ദേഹം സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനായി അദ്ദേഹം മോദിയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.മോദി തീര്‍ച്ചയായും ഇന്ത്യ സഖ്യത്തെ സംബന്ധിച്ച് വലിയ താരപ്രചാരകന്‍ തന്നെയാണെന്ന് കോണ്‍ഗ്രസിന്‍റെ മാധ്യമ പ്രചരണ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര വ്യക്തമാക്കി. കാരണം മോദി സംസാരിക്കാന്‍ വായ തുറന്നാല്‍ എന്‍ഡിഎ വിജയിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുന്നു.നിതീഷ് കുമാറിന് മോദി പറഞ്ഞ നാടന്‍ തോക്ക് ചൂണ്ടി മുഖ്യമന്ത്രി പദം ആവശ്യപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.മോദിക്ക് ഇത്തരം ഭാഷകളേ അറിയൂ. ഗുജറാത്തില്‍ ഇങ്ങനെയൊക്കെ പറഞ്ഞാണ് അധികാരത്തിലിരുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി കേശുഭായ് പട്ടേലിനും മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡെയ്ക്കുമെതിരെ എങ്ങനെയാണ് കേസുകള്‍ കെട്ടിച്ചമച്ചതെന്ന് തങ്ങള്‍ക്കറിയാം. ഞങ്ങളെക്കൊണ്ട് ഒന്നും പറയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഇതിനകം തന്നെ പതിനാല് കേസുകളുണ്ട്. ഇനിയും രണ്ടോ നാലോ കൂടി വരും. അതൊക്കെ പോകട്ടെ എന്നും ഖേര പറഞ്ഞു.

മോദിയുടെയും അമിത് ഷായുടെയും മാനസികാവസ്ഥകളാണ് നാടന്‍ തോക്കുകളെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായ ഖേര ചൂണ്ടിക്കാട്ടി. ഇരുവരും മഹാത്മാഗാന്ധിയുടെ നാട്ടില്‍ നിന്നുള്ളവരാണെന്നതാണ് ഏറെ വൈരുദ്ധ്യം. അദ്ദേഹം ഇത്തരം ഭാഷകളൊന്നും ഉപയോഗിച്ചിട്ടില്ല. ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയകുമാര്‍ സിന്‍ഹ ബിഹാറില്‍ വോട്ടെടുപ്പ് ദിവസം ആക്രമിക്കപ്പെട്ടതിന്‍റെ കുറ്റവും എന്‍ഡിഎ ജംഗിള്‍ രാജെന്ന് പറഞ്ഞ് മറ്റുള്ളവരില്‍ കെട്ടിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഗുണ്ടാരാജിനെ കുറിച്ച് ഏവര്‍ക്കും അറിയാം. അദ്ദേഹത്തിന്‍റെ മുഴുവന്‍ ചരിത്രവും പരിശോധിച്ചാല്‍ മതി. എങ്ങനെയാണ് ഗുണ്ടാരാജ് നടപ്പാക്കുന്നതെന്നും അദ്ദേഹത്തിനറിയാം. ബിഹാറില്‍ എങ്ങനെയാണ് വലിയ വ്യവസായി ആയിരുന്ന ഗോപാല്‍ ഖേംക കൊല്ലപ്പെട്ടത്. നിത്യവും ഒന്‍പത് കൊലപാതകങ്ങള്‍ അരങ്ങേറുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു. ഇവിടെ ഗുണ്ടാരാജാണ് അരങ്ങ് തകര്‍ക്കുന്നത് എന്നതിന്‍റെ തെളിവാണിതെന്നും ഖേര ചൂണ്ടിക്കാട്ടി.