"കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല ": വിഡി .സതീശൻ

"കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും മതേതര കാഴ്ചപ്പാടിന്  മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല ": വിഡി .സതീശൻ

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.വിഭജന രാഷ്ട്രീയവും വർഗീയ വിഷപ്രചാരണവും കേരളത്തിന്‍റെ മണ്ണിൽ വിലപ്പോകില്ലെന്നും വർഗീയ ശക്തികളെ പ്രതിരോധിക്കാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ വരാനും ഔദ്യോഗിക പരിപാടികളിലും പാർട്ടി പരിപാടികളിലും പങ്കെടുക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്‍റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണ്.ഭരണത്തിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് അദ്ദേഹം വർഗീയതയെ കൂട്ടുപിടിക്കുന്നത്. രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ചോ കേരളത്തിന്‍റെ മുൻഗണനാ ക്രമങ്ങളെക്കുറിച്ചോ സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. പകരം വർഗീയത മാത്രമാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതിലൂടെ ബി.ജെ.പിയുടെയും സംഘപരിവാറിന്‍റെയും ഏക അജണ്ട വർഗീയതയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാൽ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി.ജെ.പിക്കും ഉടൻ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റി വിജയിച്ച വിഭജന രാഷ്ട്രീയത്തിന് ഈ മണ്ണിൽ സ്ഥാനമില്ല.

കോൺഗ്രസിന്‍റെയും ലീഗിന്‍റെയും യു.ഡി.എഫിന്‍റെയും മുൻഗണനാ പട്ടികയിൽ ഒന്നാമത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വർഗീയ ശക്തികളെ ഈ മണ്ണിൽ ഇല്ലായ്മ ചെയ്യാനും ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും യു.ഡി.എഫ് മുൻപന്തിയിലുണ്ടാകും. ഏതാനും വോട്ടുകൾക്ക് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വർഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ലെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.