"ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിലടച്ചതിന് പിന്നിൽ കോൺഗ്രസ്സ് -ബിജെപി രഹസ്യധാരണ" : മന്ത്രി എംബി രാജേഷ്

"ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിലടച്ചതിന് പിന്നിൽ കോൺഗ്രസ്സ് -ബിജെപി രഹസ്യധാരണ" : മന്ത്രി എംബി രാജേഷ്

പാലക്കാട്:കോൺഗ്രസ് -ബിജെപി രഹസ്യധാരണയാണ് ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിലടച്ചതിന് പിന്നിലെന്ന് മന്ത്രി എംബി രാജേഷ് . ഡൽഹിയിലെ സംഭവങ്ങൾക്ക്  സമാനമായി 2021ൽ കേരള മുഖ്യമന്ത്രിയെയും കേസിൽ കുടുക്കാൻ ഇരുപാർട്ടികളും ശ്രമിച്ചിരുന്നതായി അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹിയിലെ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും ഒത്തുകളി വ്യക്തമാകും. മദ്യനയ അഴിമതിക്കേസ് എന്ന പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെ തുറുങ്കിലടച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ ജയിലിലാക്കിയതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണുള്ളത്. ഇതിന് കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് പരോക്ഷമായ പിന്തുണയും മൗനാനുവാദവും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.

ഡൽഹിയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാമെന്ന കോൺഗ്രസിൻ്റെ മോഹവും, അധികാരം പിടിക്കാമെന്ന ബിജെപിയുടെ താത്പര്യവുമാണ് ഇവിടെ സംഗമിക്കുന്നത്. പ്രതിപക്ഷ നേതാക്കളെയും ബിജെപി ഇതര സർക്കാരുകളെയും അട്ടിമറിക്കുന്നതിനായി സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ആയുധമാക്കുകയാണ്. രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പോലും, കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ ബിജെപിയുടെ ലക്ഷ്യങ്ങൾക്ക് സഹായകരമാവുകയാണെന്നും അദ്ദേഹം ആരോപിച്ചു