മറ്റത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ്സ് സ്‌ഥാനാർത്ഥി വൈസ്പ്രസിഡന്റ്

മറ്റത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ്സ് സ്‌ഥാനാർത്ഥി വൈസ്പ്രസിഡന്റ്

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്‌– ബിജെപി സംഖ്യം.ബിജെപി പിന്തുണയോടെ കോൺഗ്രസ്‌ അംഗം മിനി ടീച്ചർ വൈസ്‌ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. 12 ആം വാർഡിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്‌ വിജയിച്ച മിനിക്ക്‌ കോൺഗ്രസിലെ ഏഴ്‌ അംഗങ്ങളും ബിജെപിയിലെ നാല്‌ അംഗങ്ങളും വോട്ട്‌ ചെയ്‌തതോടെയാണ് വൈസ്‌ പ്രസിഡൻ്റ് സ്ഥാനം സ്വന്തമായത്.അതേസമയം രണ്ട്‌ യുഡിഎഫ്‌ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. എതിർ സ്ഥാനാർഥിക്കും തനിക്കും പതിനൊന്ന് വോട്ടാണ് കിട്ടിയത്. ദൈവത്തിൻ്റെ ഒരു ഒപ്പ് കൊണ്ടാണ് താനിപ്പോൾ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മിനി പറഞ്ഞു.താൻ പാർട്ടിക്ക് അനുസൃതമായി ജീവിക്കുന്ന ആളാണെന്നും പാർട്ടി എന്ത് തീരുമാനം എടുക്കുന്നുവോ അതിന് അനുസരിച്ച് തങ്ങൾ പ്രവർത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും മിനി പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിൽ സ്വതന്ത്രൻ്റെ പിന്തുണയടക്കം എൽഡിഎഫിന്‌ 11 അംഗങ്ങളുണ്ട്‌. കോൺഗ്രസിന്‌ ഒമ്പത്‌ പേരും ബിജെപിക്ക്‌ നാല്‌ പേരുമാണുള്ളത്‌. വെള്ളിയാഴ്‌ച നടന്ന പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല.

പകരം കോൺഗ്രസ്‌ സ്ഥാനാർഥി മിനിക്ക്‌ വോട്ട്‌ ചെയ്യുകയായിരുന്നു. കോൺഗ്രസിലെ ലിൻ്റോ ജോസ്‌ പള്ളിപ്പറമ്പൻ വോട്ടെടുപ്പിന്‌ എത്തിയില്ല. അക്ഷയ്‌ സന്തോഷ്‌ വോട്ടെടുപ്പിൽ നിന്ന്‌ മാറിനിന്നു. ഇതോടെ എൽഡിഎഫ്‌ സ്ഥാനാർഥി ബിന്ദു മനോജ്‌ കുമാറിനും കോൺഗ്രസ്‌ സ്ഥാനാർഥി മിനിക്കും 11 വോട്ട്‌ വീതം നേടി തുല്യമായി. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ മിനി വിജയിക്കുകയായിരുന്നു.നേരത്തെ പഞ്ചായത്ത്‌ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഇതേ ക‍ൂട്ടുക്കച്ചവടത്തിൽ കോൺഗ്രസ്‌ പ്രസിഡൻ്റ് സ്ഥാനവും വൈസ്‌ പ്രസിഡൻ്റ് സ്ഥാനവും നേടിയിരുന്നു. വിവാദമയാതോടെ വൈസ്‌ പ്രസിഡൻ്റ് നൂർജഹാൻ രാജിവച്ചിരുന്നു. എന്നാൽ കോൺഗ്രസ്‌ വിമതയായ പ്രസിഡൻ്റ് ടെസി ജോസ്‌ രാജിവച്ചിരുന്നില്ല.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-കോണ്‍ഗ്രസ് സഖ്യം വലിയ രാഷ്‌ട്രീയ ആയുധമാക്കി ഇടതുപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്താൻ സാധ്യതയുണ്ട്. 1953-ൽ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ പല പതിറ്റാണ്ടുകളായി ഇടതുപക്ഷമാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. സാധാരണയായി ഇടതുപക്ഷ കോട്ടയായി അറിയപ്പെടുന്ന ഇവിടെ, ഭരണവിരുദ്ധ വികാരമോ അല്ലെങ്കിൽ പ്രാദേശികമായ കൂട്ടുകെട്ടുകളോ ഉണ്ടാകുമ്പോഴാണ് കോൺഗ്രസിന് അധികാരം ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പഞ്ചായത്തില്‍ എൻഡിഎയും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.