പുതുച്ചേരിയിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം ഉറപ്പിച്ചു, ഏപ്രിൽ 9-ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനത്തിൽ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമ തീരുമാനത്തിലെത്തി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രൂപീകരിച്ച പുതിയ ധാരണപ്രകാരം പുതുച്ചേരിയിലെ ആകെയുള്ള 30 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് 16 സീറ്റുകളിലും ഡിഎംകെ 12 സീറ്റുകളിലും മത്സരിക്കും. സഖ്യകക്ഷികളായ സിപിഐക്കും വിസികെക്കും ഓരോ സീറ്റുകൾ വീതം നൽകാനും തീരുമാനമായിട്ടുണ്ട്.
പത്രികാ സമർപ്പണത്തിന്‍റെ അവസാന നിമിഷം വരെ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ഈ ധാരണ ഉണ്ടായത്. ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, 2021-ലെ സീറ്റ് വിഭജന രീതി അംഗീകരിക്കാൻ ഡിഎംകെ തയ്യാറാകാതിരുന്നതാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണമായത്. അന്ന് കോൺഗ്രസ് 21 സീറ്റുകളിലും ഡിഎംകെ 9 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ ഇരുപാർട്ടികളും 14 സീറ്റുകൾ വീതം പങ്കിടണമെന്ന ഡിഎംകെയുടെ ആവശ്യം കോൺഗ്രസ് തള്ളിയതോടെയാണ് 16-12 എന്ന അനുപാതത്തിൽ ഒത്തുതീർപ്പിലെത്തിയത്.
സീറ്റ് വിഭജനത്തിൽ വ്യക്തത വരാൻ വൈകിയതിനാൽ പല മണ്ഡലങ്ങളിലും ഇരുപാർട്ടികളുടെയും സ്ഥാനാർഥികൾ ഒരുമിച്ച് പത്രിക നൽകിയിട്ടുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ മാർച്ച് 26-ഓടെ മാത്രമേ സഖ്യത്തിലെ സ്ഥാനാർഥികളുടെ അന്തിമ ചിത്രം വ്യക്തമാകൂ എന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ അറിയിച്ചു.
ഉഴവർക്കരയിലെ സ്വതന്ത്ര എംഎൽഎ ശിവശങ്കരൻ കോൺഗ്രസിൽ ചേർന്നത് പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട് . ഇത്തവണ തട്ടാഞ്ചാവടി മണ്ഡലത്തിൽ മുഖ്യമന്ത്രി എൻ. രംഗസാമിക്കെതിരെ മുൻ മുഖ്യമന്ത്രിയും സിറ്റിംഗ് എംപിയുമായ വി. വൈത്തിലിംഗത്തെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ നെല്ലിത്തോപ്പ് സീറ്റിനായി ഡിഎംകെ അവകാശവാദം ഉന്നയിച്ചതിനാൽ വി. നാരായണസ്വാമിക്ക് ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല.