പത്തനംതിട്ടയിൽ'വിശ്വാസ സംഗമ'വും പന്തളത്ത് 'മഹാസംഗമ'വുമായികോൺഗ്രസ്

പത്തനംതിട്ട: സർക്കാർ പിന്തുണയോടെ ദേവസ്വം ബോർഡ് നടത്തിയ 'ആഗോള അയ്യപ്പ സംഗമ'വും അതിനു ബദലായി പന്തളത്ത് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ നടത്തിയ 'അയ്യപ്പ സംരക്ഷണ സംഗമ'വും വിശ്വാസികൾ ഉൾപ്പെടുന്ന ജനങ്ങൾ കണ്ടുകഴിഞ്ഞു. ഇനി വരാൻപോകുന്നത് പത്തനംതിട്ടയിൽ 'വിശ്വാസ സംഗമ'വും പന്തളത്ത് 'മഹാസംഗമ'വുമാണ് .ഇതിനായി കോൺഗ്രസ് ഒരുങ്ങുന്നത് കോൺഗ്രസ്സാണ് .ശബരിമല സ്വർണപ്പാളി മോഷണ വിവാദം ചൂടുപിടിച്ചുനിൽക്കുന്ന അവസരത്തിലാണ് കോൺഗ്രസ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്.ഒക്‌ടോബർ 9ന് വൈകിട്ട് 4ന് പത്തനംതിട്ട പഴയ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ നടക്കുന്ന 'വിശ്വാസ സംഗമം' എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. 'വിശ്വാസികളെ വഞ്ചിച്ച് സ്വർണക്കൊള്ള നടത്തി ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ' എന്നതാണ് സംഗമത്തിൻ്റെ പ്രമേയം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗമം. സ്വർണപ്പാളി മോഷണ വിവാദത്തിൽ മേഖലാ ജാഥകൾ നടത്തി സംസ്ഥാന വ്യാപക സമരത്തിനും കോൺഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞു .സംസ്ഥാന വ്യാപക ജാഥകൾ സമാപിക്കുന്ന പന്തളത്ത് മഹാസമ്മേളനം സംഘടിപ്പിക്കാനും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമായി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ നാല് മേഖലാജാഥകൾ നടത്താനാണ് രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ. ജാഥകളുടെ തീയതിയും ജാഥാ ക്യാപ്‌റ്റൻമാരെയും നേതൃത്വം തീരുമാനിക്കും. 2018ലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട സമരത്തിന് സമാനമായ പ്രക്ഷോഭത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.വിശ്വാസ സംഗമത്തിന് ശേഷം പ്രഖ്യാപിച്ചിരിക്കുന്ന നാല് മേഖലാ ജാഥകൾ സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ ശ്രദ്ധ ശബരിമലയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്. വടക്ക് കാസർകോട്, തെക്ക് തിരുവനന്തപുരം, മധ്യ കേരളത്തിലെ പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ജാഥകൾ ആരംഭിക്കാനാണ് സാധ്യത. കെപിസിസി പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ ജാഥാ ക്യാപ്‌റ്റൻമാരാകും. ശബരിമല പ്രക്ഷോഭങ്ങളിലെ പഴയകാല പ്രതീകാത്മക വേദിയായതുകൊണ്ട് തന്നെ ജാഥകൾ സമാപിക്കുന്ന പന്തളത്തെ മഹാസമ്മേളനം കോൺഗ്രസ്സിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.