"രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് ഭീതി പരത്തുന്നു ":പ്രധാനമന്ത്രി

"രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് ഭീതി പരത്തുന്നു ":പ്രധാനമന്ത്രി

തറാഡ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . നമുക്ക് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനാകുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി.ജനങ്ങളെ പെട്രോള്‍ പമ്പിന് മുന്നില്‍ ക്യൂ നിര്‍ത്തിയും അഭ്യൂഹങ്ങള്‍ പരത്തിയും ക്രമസമാധാന നില തകര്‍ത്തും ഭീതിജനകമായ ഒരു അന്തരീക്ഷം സൃഷ്‌ടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ പുതുതായി രൂപീകരിച്ച വാവ് തറാഡ് ജില്ലയിലെ നാനി ഗ്രാമത്തില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് നമ്മുടെ രാജ്യത്തിന് ഐക്യവും അഖണ്ഡതയുമാണ് ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭിന്നിപ്പക്കല്‍ രാഷ്‌ട്രീയമാണ് പയറ്റുന്നത്. രാജ്യം ഉറപ്പുകള്‍ തേടുമ്പോള്‍ കോണ്‍ഗ്രസ് അഭ്യൂഹങ്ങളും ഭയവും പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഷ്‌ട്രം സംയമനത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ ആശങ്കകള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു.ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാക്കി അത് രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിരവധി രാജ്യങ്ങള്‍ യുദ്ധത്തിലേക്കും അസ്വസ്ഥതയിലേക്കും അസ്ഥിരതയിലേക്കും പോകുമ്പോള്‍ ഇന്ത്യ സ്ഥിരതയാര്‍ന്ന് ഐക്യത്തോടെ നിലകൊള്ളുകയാണെന്നും ആഗോള സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കവെ മോദി പറഞ്ഞു.ഇന്ത്യയ്ക്ക് എപ്പോഴും ഒരു സവിശേഷ കരുത്തുണ്ട്. ഏത് കടുത്ത കാലത്തും നാം ഒരുമയോടെ നിലകൊള്ളും. അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ യുദ്ധം പശ്ചിമേഷ്യയില്‍ സൃഷ്‌ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥ മൂലം ലോകം ആകെ ആശങ്കയിലാണ്. ഊര്‍ജ്ജ വിതരണം താറുമാറായിരിക്കുന്നു. ഡീസല്‍, പെട്രോള്‍, പാചകവാതക വിതരണം എന്നിവയില്‍ ആഗോളതലത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടായിരിക്കുന്നു. ഈ ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ വിജയകരമായി ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ശക്തമായ വിദേശ നയവും പൗരന്‍മാരുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനവും മൂലമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുസ്ഥിര ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ ഇന്ത്യ ലോകനെടുനായകത്വത്തിലേക്ക് വരികയാണ്. എന്നാല്‍ പ്രതിപക്ഷം അരാജകത്വം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്. ഏത് പ്രതിസന്ധിയും നേരിടാന്‍ നാം സുസജ്ജമാണ്. ആഗോള പ്രതിസന്ധി രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. ഈ രാഷ്‌ട്രീയ ഗൂഢാലോചയുടെ മുന്നണിപ്പോരാളികള്‍ കോണ്‍ഗ്രസാണെന്നും മോദി ആരോപിച്ചു.

മിക്ക രാജ്യങ്ങളിലും എണ്ണ വില പത്ത് മുതല്‍ 25 ശതമാനം വരെ കൂടി. എന്നാല്‍ ഇതിന്‍റെ മോശം പ്രതിഫലനം ഇന്ത്യയിലുണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്.അധികാരമില്ലാതായതോടെ കോണ്‍ഗ്രസ് രാഷ്‌ട്രീയമായി ഏറെ അസ്വസ്ഥമാണ്. തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ദീശ വ്യോമത്താവളത്തിന്‍റെ വികസനം കോണ്‍ഗ്രസ് വൈകിപ്പിച്ച് വലിയ തിരിച്ചടിയായെന്നും മോദി ചൂണ്ടിക്കാട്ടി. താന്‍ ആദ്യമായി ഇവിടെ വരുമ്പോള്‍ തന്‍റെ ഹെലികോപ്‌ടര്‍ ദീസയിലാണ് ഇറങ്ങിയത്. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് കേവലം 130 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇത് ദേശ സുരക്ഷയ്ക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഓരോരുത്തര്‍ക്കും ഊഹിക്കാനാകും.താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വിമാനത്താവളം എന്ന ആശയം മുന്നോട്ട് വച്ചത്. കര്‍ഷകര്‍ അവരുടെ ഭൂമി വിട്ടു നല്‍കുകയും ചെയ്‌തു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ സമീപനം മൂലം ഇത് കുടുങ്ങിപ്പോയി. ദേശസുരക്ഷയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം ഫയലില്‍ ഉറങ്ങി.

പുതിയ ജില്ല രൂപീകരിച്ച ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. വന്‍കിട പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്‌തു.