ആർഎസ്എസ് വേദിയിൽ കോൺഗ്രസ് നേതാവ്: അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തം

ആർഎസ്എസ് വേദിയിൽ കോൺഗ്രസ് നേതാവ്: അച്ചടക്ക നടപടി വേണമെന്ന ആവശ്യം  ശക്തം

കാസർകോട്: ജില്ലയിൽ ദേലംപാടിയിൽ ആർഎസ്എസ് വേദിയിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദമാകുന്നു. ദേലംപാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ എം നളിനാക്ഷിയാണ് ആർഎസ്എസ് പഥസഞ്ചലന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. ഇത് കോൺഗ്രസ് - ആർഎസ്എസ് രഹസ്യബാന്ധവമാണ് തെളിയിക്കുന്നതെന്നാണ് വിമർശനം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവിൻ്റെ ഈ നടപടി പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതേതര നിലപാടുകൾക്ക് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രധാന വിമർശനം ഉയരുന്നത്. സിപിഎമ്മിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആരോപണത്തിന് ബലം നൽകുന്നതാണ് ഈ സംഭവമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.സംഭവം പുറത്തുവന്നതിന് പിന്നാലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് (ഡിസിസി) പരാതികൾ പ്രവഹിച്ചു. ദേശീയ തലത്തിൽ ബിജെപിക്കെതിരെ പോരാട്ടം നടത്തുമ്പോൾ പ്രാദേശികമായി ഇത്തരമൊരു സഹകരണം രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം ഇതിനെ നിസാരവത്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.