വസായ്-വിരാർ നഗരസഭാ തെരഞ്ഞെടുപ്പ് : ബിജെപിയെ തടയാൻ തന്ത്രപരമായ നീക്കവുമായി കോൺഗ്രസ്സ്

മുംബൈ : വസായ്-വിരാർ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ നിർണ്ണായക നീക്കവുമായി കോൺഗ്രസ്. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ 105 സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്ത്, 10 പ്രധാന സീറ്റുകളിൽ മാത്രം മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറിയും ഇൻ-ചാർജുമായ ജോജോ തോമസാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
ലക്ഷ്യം മതേതര ഐക്യം
ബിജെപിക്ക് ഗുണകരമാകുന്ന തരത്തിൽ മതേതര വോട്ടുകൾ ചിതറിപ്പോകുന്നത് തടയാനാണ് കോൺഗ്രസ് 105 സീറ്റുകളിൽ നിന്ന് മാറിനിൽക്കുന്നത്. ഈ മണ്ഡലങ്ങളിൽ ബിവിഎ (BVA) ഉൾപ്പെടെയുള്ള, ബിജെപിയെ പരാജയപ്പെടുത്താൻ ശേഷിയുള്ള മതേതര കക്ഷികളെ കോൺഗ്രസ് പിന്തുണയ്ക്കും. "പാർട്ടിയുടെ വ്യക്തിപരമായ നേട്ടത്തേക്കാൾ ഉപരി, വസായിലെ ജനങ്ങളുടെ മതേതര ഐക്യം സംരക്ഷിക്കാനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്," ജോജോ തോമസ് പറഞ്ഞു.
ആശയക്കുഴപ്പം വേണ്ട
കോൺഗ്രസ് മത്സരിക്കുന്ന 10 വാർഡുകളിൽ 'കൈപ്പത്തി' ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യുക. മറ്റ് 105 വാർഡുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ ശേഷിയുള്ള സഖ്യകക്ഷികൾക്ക് വോട്ടു ചെയ്യണമെന്ന് ജോജോതോമസ്
കോൺഗ്രസിന്റെ തിരിച്ചുവരവ്
കഴിഞ്ഞ 10 വർഷമായി നഗരസഭയിൽ അംഗങ്ങളില്ലാതിരുന്ന കോൺഗ്രസ് ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. കഴിഞ്ഞ നാലു വർഷമായി ഇൻ-ചാർജ് ജോജോ തോമസിൻ്റെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളാണ് പാർട്ടിയെ ഈ നിലയിലേക്ക് ഉയർത്തിയതെന്ന് പാർട്ടിപ്രവർത്തകർ വിശ്വസിക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. വർഷങ്ങളായി ഹിതേന്ദ്ര ഠാക്കൂറിന്റെ ബിവിഎയ്ക്ക് (BVA) സീറ്റ് വിട്ടുനൽകിയിരുന്ന പതിവ് തിരുത്തി, സ്വന്തം ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് മണ്ഡലത്തിൽ വൻ വോട്ട് വിഹിതമാണ് നേടിയത്. നിർജീവമായിരുന്ന സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനും, വലിയൊരു വിഭാഗം വോട്ടുകൾ സമാഹരിക്കാനും സാധിച്ചത് ജോജോ തോമസിന്റെ തന്ത്രപരമായ ഇടപെടലുകളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ആ ആത്മവിശ്വാസത്തിലാണ് ഇത്തവണ 20 സീറ്റുകളിൽ മത്സരിക്കാൻ പാർട്ടി തയ്യാറെടുത്തതെങ്കിലും, സഖ്യധാരണയുടെ ഭാഗമായും മതേതര വോട്ടുകൾ ചിതറിക്കാതിരിക്കാനും 10 സീറ്റുകളിലേക്ക് ഒതുങ്ങാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് അടക്കമുള്ള പ്രമുഖർ മത്സരിക്കുന്ന ഈ 10 ഇടങ്ങളിലും വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.