കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയുമായി സഖ്യം ; മറ്റത്തൂരില്‍ അട്ടിമറി

തൃശ്ശൂര്‍: മറ്റത്തൂരില്‍ വന്‍ അട്ടിമറി. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാര്‍ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 കോണ്‍ഗ്രസ് മെമ്പര്‍മാരുടെയും ബിജെപിയിലെ 4 അംഗങ്ങളില്‍ മൂന്ന് പേരുടെയും വോട്ട് ലഭിച്ച് 11 വോട്ട് നേടിയാണ് ജയിച്ചത്. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെആര്‍ ഔസേഫിന് പത്ത് എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
പെരുങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചു;
പാലക്കാട്: അറുപതുവര്‍ഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്. എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിയുടെ പ്രമോദ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപം നല്‍കിയ ഐഡിഎഫുമായി ( സ്വതന്ത്ര ജനാധിപത്യ മുന്നണി) സഖ്യം ഉണ്ടാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 9 വോട്ടുകള്‍ നേടിയാണ് സിപിഎം നേതാവായ പ്രമോദ് ജയിച്ചത്.പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിക്ക് എട്ടു സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും സിപിഎം വിമതയ്ക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ സിപിഎം വിമതയെ ഒപ്പം നിര്‍ത്താനാണ് കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. ഒടുവില്‍ സിപിഎം വിമത ഗ്രീഷ്മ എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു. എല്‍ഡിഎഫുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഗ്രീഷ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ചുകൊല്ലവും ഗ്രീഷ്മയ്ക്ക് സ്ഥാനത്ത് തന്നെ തുടരാന്‍ അനുവദിക്കുന്ന തരത്തിലാണ് എല്‍ഡിഎഫുമായി ധാരണയായിരിക്കുന്നത്.ഐഡിഎഫുമായി എല്‍ഡിഎഫ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം പങ്കിടും. ആദ്യത്തെ രണ്ടര വര്‍ഷമാണ് പ്രമോദ് പ്രസിഡന്റ് സ്ഥാനം വഹിക്കുക. അവസാന രണ്ടര വര്‍ഷം ടേമില്‍ എ വി ഗോപിനാഥ് പറയുന്ന കൗണ്‍സിലര്‍ പ്രസിഡന്റാകും. തെരഞ്ഞെടുപ്പില്‍ എ വി ഗോപിനാഥ് തോറ്റെങ്കിലും പഞ്ചായത്ത് കോണ്‍ഗ്രസ് മുക്തമാക്കുമെന്ന ആഗ്രഹമാണ് സഫലമായത്.