"വിദ്യാർഥി പ്രതിഷേധത്തിൽ രാജിവെക്കേണ്ടി വന്ന മന്ത്രിയെ, പാകിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ വ്യക്തിയെപ്പോലെ ബിജെപി സ്വീകരിച്ചു !"

"വിദ്യാർഥി പ്രതിഷേധത്തിൽ  രാജിവെക്കേണ്ടി വന്ന മന്ത്രിയെ, പാകിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ വ്യക്തിയെപ്പോലെ  ബിജെപി സ്വീകരിച്ചു !"

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് . 37 ദിവസത്തെ വിദ്യാർഥി സമരത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതെന്നും, എന്നാൽ പാർലമെന്റിൽ അദ്ദേഹത്തെ പാകിസ്ഥാനെതിരായ യുദ്ധത്തിൽ വിജയിച്ച് മടങ്ങിയ നായകനെപ്പോലെയാണ് ബിജെപി സ്വീകരിച്ചതെന്നും ഗൊഗോയ് ലോക്സഭയിൽ ആരോപിച്ചു.

പൊതു പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബില്ല്, 2026 ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ഗൗരവ് ഗൊഗോയിയുടെ വിമർശനം. രാജിക്കുശേഷം പാർലമെന്റിലെത്തിയ ധർമേന്ദ്ര പ്രധാന് “ധർമേന്ദ്ര പ്രധാൻ സിന്ദാബാദ്” മുദ്രാവാക്യങ്ങളോടെയും മാലയണിയിച്ചും ഷാൾ അണിയിച്ചും ബിജെപി എംപിമാർ സ്വീകരണം നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന ഒരു മന്ത്രിയെ, പാകിസ്ഥാനെതിരായ യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ വ്യക്തിയെപ്പോലെ സ്വീകരിക്കുകയാണ് ബിജെപി ചെയ്തത്,” ഗൗരവ് ഗൊഗോയ് പറഞ്ഞു.കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ ബിജെപിയെ വിമർശിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വന്ന സാഹചര്യങ്ങൾ രാജ്യം മുഴുവൻ കണ്ടതാണെന്നും, അതിന് പിന്നാലെ അദ്ദേഹത്തെ പാർലമെന്റിൽ ‘സൂപ്പർസ്റ്റാറിനെ’ പോലെ സ്വീകരിച്ചത് ലജ്ജാകരമാണെന്നും അവർ പറഞ്ഞു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ സമൂഹമാധ്യമമായ എക്സിലൂടെ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ അഴിമതിയുടെയും രാജ്യത്തെ തകർന്ന വിദ്യാഭ്യാസ സംവിധാനത്തിന്റെയും പ്രതീകമാണെന്ന് ആരോപിച്ച അദ്ദേഹം, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത ഒരാളെ ആദരിക്കുകയാണ് ബിജെപി ചെയ്തതെന്നും വിമർശിച്ചു.നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂപംകൊണ്ട സിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച സമരം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും, ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സമരം അവസാനിപ്പിക്കുകയുമായിരുന്നു. മെയ് മാസത്തിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച പുറത്തുവന്നതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയും ജൂണിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടെ ലക്ഷക്കണക്കിന് വിദ്യാർഥികൾ വീണ്ടും പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട സാഹചര്യമുണ്ടായി.അതേസമയം, പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ മരണത്തെക്കുറിച്ച് കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരീക്ഷാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി തങ്ങൾ വിശ്വസിക്കുന്നുവെന്നാണ് സി.ജെ.പി. സംഘടനയുടെ അവകാശവാദം. ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.