ശബരിമല സ്വർണക്കൊള്ള: വിഷയം ലോകസഭയിൽ ഉന്നയിച്ച് കോൺഗ്രസ്സ്

ശബരിമല സ്വർണക്കൊള്ള: വിഷയം  ലോകസഭയിൽ ഉന്നയിച്ച് കോൺഗ്രസ്സ്

ന്യൂഡല്‍ഹി: പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനം പുരോഗമിക്കവെ കേരളത്തിലെ ശബരിമല സ്വർണക്കൊള്ള ലോക്‌സഭയില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് എംപിമാര്‍. ഹൈബി ഈഡനും കെസി വേണുഗോപാലുമാണ് ശീതകാല പാര്‍ലമെൻ്റ് സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചത്.ശബരിമല കൊള്ളക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടെന്നും എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്വര്‍ണക്കൊള്ള വിഷയത്തില്‍ സംസ്ഥാനം നടത്തുന്നത് ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.ശബരിമല ഹിന്ദുക്കൾക്ക് മാത്രമല്ല, രാജ്യത്തുടനീളമുള്ള എല്ലാ മതേതര ജനങ്ങൾക്കും ഒരു പുണ്യസ്ഥലമാണ്. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ എത്തുന്ന സ്ഥലമാണ്. വിശ്വാസികള്‍ക്കുനേരെയുള്ള കടന്നാക്രമണം തടയണമെന്നും കോണ്‍ഗ്രസ് സഭയില്‍ പറഞ്ഞു.

ബിജെപി മൗനം പാലിക്കുന്നതെന്തെന്ന് ഹൈബി ഈഡന്‍

ശബരിമലയില്‍ ഇത്രയും വലിയ സ്വർണക്കൊള്ള നടന്നിട്ടും ബിജെപി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ചോദിച്ചു. കേസിൽ സിപിഎം നേതാക്കളായ പത്മകുമാറും വാസുവും അറസ്റ്റിലായിട്ടും ബിജെപി മൗനം പാലിക്കുന്നു. ഈ പ്രത്യേക കേസിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ഇത്രയും വലിയ കൊള്ളയുണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എന്താണെന്നും ഹൈബി ഈഡന്‍ ചോദിച്ചു. മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്‌തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നില്ല. പ്രത്യേക അന്വേഷണം സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാധീനിക്കാന്‍ ശ്രമക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും ബിജെപി പ്രതികരിക്കുന്നില്ല. അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍ എംപിയും രംഗത്തെത്തി. ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് നേരെയുള്ള കടന്നാക്രമണാണെന്ന് വേണുഗോപാല്‍ എംപി പറഞ്ഞു. ഇപ്പോഴും പല പ്രതികളും മറയ്‌ക്ക് പുറത്താണ്. പല പ്രതികളും ഇനിയും പുറത്ത് വരും. സംസ്ഥാന സര്‍ക്കാര്‍ ഇവരെയൊക്കെ സംരക്ഷിക്കുകയാണെന്നും എം പി വ്യക്തമാക്കി.വലിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും വിഷയത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും വേണുഗോപാല്‍ ആരോപിച്ചു. 2019 സ്‌ത്രീ പ്രവേശന വിഷയത്തിലുള്ള സര്‍ക്കാരിൻ്റെ പങ്കും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിലായി കേരള സർക്കാരിൻ്റെ സഹായത്തോടെ ഒരു വലിയ ഗൂഢാലോചന നടന്നന്നെന്നും വേണുഗോപാല്‍ പറഞ്ഞു.


കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ലോക്‌സഭയില്‍ സംസ്ഥാന സര്‍ക്കാരിനെ കോണ്‍ഗ്രസ് എംപിമാര്‍ വിമര്‍ശനം നടത്തിയത്. എന്നാല്‍ സ്വര്‍ണക്കൊള്ള വിഷയത്തിലുള്ള ബിജെപിയുടെ മൗനംത്തെ കോണ്‍ഗ്രസ് എംപിമാര്‍ ചോദ്യം ചെയ്‌തത് സഭയില്‍ വലിയ ബഹളത്തിന് ഇടയാക്കി.