യുവതയെ അണിനിരത്തി തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം:തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യ ഘട്ട പട്ടികയാണ് ഇന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പ്രഖ്യാപിച്ചത്. 48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ബാക്കി പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ഘടക കക്ഷികളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുവ നേതാക്കളെ കളത്തിലിറക്കി തിരുവനന്തപുരം നഗരസഭാ ഭരണം തിരിച്ചുപിടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.. കെ.എസ്. ശബരീനാഥൻ ഉൾപ്പെടെയുള്ള യുവനിരയെ ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാകുന്നത് .കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ ശ്രദ്ധേയരിൽ ഒരാളാണ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാർഡിൽ നിന്നാണ് 24 വയസ്സുകാരി വൈഷ്ണ മത്സരിക്കാൻ ഒരുങ്ങുന്നത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന വൈഷ്ണ പേരൂർക്കട ലോ കോളജിലെ നിയമവിദ്യാർഥിനിയുമാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടിയ ശേഷം നിരവധി ടെലിവിഷൻ ഷോകളിലും പരിപാടികളിലും അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.
കവടിയാറില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ തന്നെ മത്സരിക്കും. ശബരീനാഥനെ കോര്‍പ്പറേഷനില്‍ പരിഗണിക്കുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലും മത്സരിക്കും. നിലവിലെ കൗണ്‍സിലറായ ത്രേസ്യാമ്മ ജോസഫ് നാലാഞ്ചിറയിലും മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് വാര്‍ഡില്‍ മത്സരിക്കും. ലൈംഗികാരോപണ വിധേയനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുന്‍പ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആളാണ് നീതു.