രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. പരാതിക്കാരി പൊലീസിന് നൽകിയ രണ്ടാമത്തെ പരാതിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.നേരത്തെയും രേഖകൾ ലഭിച്ചില്ലെന്ന് പ്രതിഭാഗം പരാതിപ്പെട്ടതിനെ തുടർന്ന് മുഴുവൻ രേഖകളും കൈമാറാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചിരുന്നു. നിലവിൽ രേഖകൾ കൈമാറിയതായും ഹർജിയിൽ തർക്കങ്ങളുണ്ടെങ്കിൽ അത് ഈ മാസം 27-നകം സമർപ്പിക്കണമെന്നും കേസിൽ വിശദമായ വാദം അന്ന് തന്നെ പരിഗണിക്കുമെന്നും കോടതി നിർദേശിച്ചിരുന്നു.അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ രാഹുൽ ഈശ്വർ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന ആരോപണം. ഇത് പരാതിക്കാരിയെ ഭയപ്പെടുത്തുന്നതിനും കേസിനെ സ്വാധീനിക്കുന്നതിനും തുല്യമാണെന്നും അതിനാൽ മുൻപ് നൽകിയ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ആവശ്യപ്പെടുന്നു.നിയമനടപടികൾ നേരിടുന്ന വ്യക്തി ജാമ്യത്തിലിറങ്ങി ഇരയെയോ സാക്ഷികളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള രാഹുൽ അതിജീവിതയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ കേവലം അഭിപ്രായപ്രകടനങ്ങൾക്കപ്പുറം വിചാരണയെ സ്വാധീനിക്കാനും അതിജീവിതയുടെ മനോവീര്യം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകൾ നടത്തുന്നതിലോ അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നതിലോ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു ജാമ്യവ്യവസ്ഥകളിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വ്യവസ്ഥകൾ രാഹുൽ ഈശ്വർ ലംഘിച്ചുവെന്നും യൂട്യൂബ് ചാനലുകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും അതിജീവിതയെ വ്യക്തിഹത്യ നടത്തുന്നത് തുടരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

തനിക്കെതിരെ പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങൾ കൃത്യമായി മനസിലാക്കാനും ഏത് വിഡിയോ അല്ലെങ്കിൽ പോസ്റ്റ് വഴിയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതെന്ന് തിരിച്ചറിയാനും രേഖകൾ അനിവാര്യമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. സ്വാഭാവിക നീതിയുടെ ഭാഗമായുള്ള ഈ ആവശ്യം അംഗീകരിച്ച കോടതി രേഖകൾ ലഭിച്ച ശേഷം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം നൽകി. ഈ സാങ്കേതികത്വം പരിഗണിച്ചാണ് കേസ് 27ലേക്ക് മാറ്റിയത്. എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന കോടതിയുടെ വാക്കാലുള്ള പരാമർശം പ്രതിഭാഗത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ്.