മുജാഹിദീൻ സേന' രൂപീകരിക്കാൻ ഗൂഢാലേചന നടത്തി: യുപി സ്വദേശിയെ കേരളത്തിൽനിന്നും അറസ്റ്റുചെയ്തു

ലഖ്‌നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന 'മുജാഹിദീൻ സേന' രൂപീകരിക്കാൻ ഗൂഢാലേചന നടത്തിയെന്ന് ആരോപിച്ച് കേരളത്തിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തു.സംഘത്തിൻ്റെ തലവനും ഗൂഢാലോചനയുടെ സൂത്രധാരനെന്നും ആരോപിക്കുന്നയാളെയാണ് കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്‌തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനാണ് സംഘം രൂപീകരിക്കുന്നതെന്നും സേന ആരോപിച്ചു.ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ അണ്ടൗലി സ്വദേശിയായ മുഹമ്മദ് റാസയെയാണ് മലപ്പുറത്ത് നിന്ന് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുഹമ്മദ് റാസയെ ലഖ്‌നൗവിലെത്തിച്ചെന്നും റിമാൻഡ് ചെയ്‌തെന്നും സേന കൂട്ടിച്ചേർത്തു."അക്രമത്തിലൂടെ കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനാണ് മുജാഹിദീൻ സേന രൂപീകരിക്കാൻ പദ്ധതിയിട്ടത്. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ അറസ്റ്റിലായ മുഹമ്മദ് റാസയാണ്. രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്," അന്വേഷണ സംഘം അറിയിച്ചു.
'മുജാഹിദീന്‍ സേന' രൂപീകരിച്ചെന്ന് ആരോപിച്ച് നാലുപേരെ ഉത്തർപ്രദേശ് പൊലീസിൻ്റെ ഭീകരവിരുദ്ധ സേന നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. അക്‌മൽ റാസ, സഫീൽ സൽമാനി എന്ന അലി റാസ്‌വി, മുഹമ്മദ് തൗസിഫ്, ഖാസിം അലി എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.പാക് ഭീകര സംഘടനയുടെ സ്വാധീനത്തിലാണ് അറസ്റ്റിലായവർ സംഘം രൂപീകരിക്കാൻ പദ്ധതിയിട്ടതെന്ന് ഇൻ്റലിജൻസ് വിവരങ്ങൾ സൂചിപ്പിച്ചു